ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ഇന്ത്യ; ജയം പാകിസ്താനെ തോൽപ്പിച്ച്

ന്യൂഡൽഹി: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഥമ ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് ട്വന്‍റി20യിൽ കിരീടം നേടി ഇന്ത്യ. അഞ്ച് വിക്കറ്റിന് പാകിസ്താനെ തകർത്താണ് ഇന്ത്യയുടെ കിരീടം നേട്ടം. പാകിസ്താൻ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അമ്പാട്ടി റായിഡുവിന്റെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ജയിച്ച് കയറിയത്. 30 പന്തിലാണ് റായിഡു അർധ സെഞ്ച്വറി പൂർത്തിയാക്കിയത്.

ഇന്ത്യക്ക് വേണ്ടി യൂസഫ് പത്താൻ 30 റൺസും ഗുർകിറാത്ത് സിങ് മൻ 34 റൺസുമെടുത്തു. പാകിസ്താൻ ബൗളിങ് നിരയിൽ അമീർ യമാൻ രണ്ട് വിക്കറ്റെടു​ത്തപ്പോൾ സയിദ് അജ്മൽ, വഹാബ് റിയാസ്, ​ഷുഹൈബ് മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

അതേവേഗ തുടക്കമാണ് ഉത്തപ്പയും റായിഡുവും ചേർന്ന് ഇന്ത്യക്ക് ​നൽകിയത്. എന്നാൽ, സ്കോർ 34ൽ നിൽക്കെ റോബിൻ ഉത്തപ്പ പുറത്തായി. പിന്നീടെത്തിയ സുരേഷ് റെയ്ന വന്ന വേഗത്തിൽ മടങ്ങി. എന്നാൽ, ഗുർകിറാത്ത് സിങ്ങിനെ കൂട്ടുപിടിച്ച് റായിഡു സ്കോർബോർഡ് ചലിപ്പിച്ചു. ടീം സ്കോർ 98ൽ നിൽക്കെ റായിഡു വീണു. ഇതിന് പിന്നാലെ തന്നെ ഗുർകീറാത്ത് സിങ്ങും മടങ്ങിയെങ്കിലും യൂസഫ് പത്താൻ പ്രതീക്ഷകാത്തു. ഒടുവിൽ 30 റൺസെടുത്ത് യൂസഫ് പത്താൻ പുറത്താകുമ്പോഴേക്കും ഇന്ത്യ ജയമുറപ്പിച്ചിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസെടുത്തത്. 41 റൺസെടുത്ത ഷുഹൈബ് മാലിക്കാണ് അവരുടെ ടോപ് സ്കോററർ. കമ്രാൻ അക്മൽ 24 റൺസും ​ഷുഹൈബ് മസൂദ് 21 റൺസുമെടുത്തു. ഇന്ത്യക്കായി അനുരീത് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിനയക് കുമാർ, പവൻ നേഗി, ഇർഫാൻ പത്താൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

 

Tags:    
News Summary - India Champions beat Pakistan Champions to clinch 2024 World Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.