അൻഷുമൻ ഗെയ്ക്‍വാദ്, കപിൽദേവ്

മുൻ താരങ്ങളുടെ പ്രയത്നം ഫലം കണ്ടു; അൻഷുമൻ ഗെയ്ക്‍വാദിന്റെ ചികിത്സക്ക് ഒരു കോടി അനുവദിച്ച് ബി.സി.സി.ഐ

ന്യൂഡൽഹി: രക്താർബുദം ബാധിച്ച മുൻ ഇന്ത്യൻ താരവും കോച്ചുമായ അൻഷുമൻ ഗെയ്ക്‍വാദിന്റെ ചികിത്സക്ക് ഒരു കോടി രൂപ അനുവദിച്ച് ബി.സി.സി.ഐ. ഇന്ത്യയുടെ മുൻ നായകൻ കപിൽ ദേവ് അടക്കമുള്ള മുൻ താരങ്ങളുടെ അഭ്യർഥന മാനിച്ചാണ് ബി.സി.സി.ഐ നടപടി. പണം ഉടൻ കൈമാറാൻ സെക്രട്ടറി ജെയ് ഷാ നിർദേശം നൽകി. ഗെയ്ക്‍വാദിന്റെ കുടുംബവുമായി സംസാരിച്ച ജെയ് ഷാ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

കഴിഞ്ഞ ദിവസമാണ് അൻഷുമാൻ ഗെയ്‌ക്‌വാദിന് സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യവുമായി കപിൽ ദേവ് രംഗത്തെത്തിയത്. മുൻ സഹതാരങ്ങളായ മൊഹീന്ദർ അമർനാഥ്, സുനിൽ ഗവാസ്‌കർ, സന്ദീപ് പാട്ടീൽ, ദിലീപ് വെങ്‌സാർക്കർ, മദൻ ലാൽ, രവി ശാസ്ത്രി, കീർത്തി ആസാദ് എന്നിവർ ഗെയ്‌ക്‌വാദിന്റെ ചികിത്സക്കായി പണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയ കപിൽ, ബി.സി.സി.ഐ ഇക്കാര്യം പരിശോധിച്ച് മുൻ ഇന്ത്യൻ കോച്ച് കൂടിയായിരുന്ന ഗെയ്‌ക്‌വാദിന് സാമ്പത്തിക സഹായം നൽകുമെന്ന് വിശ്വാസമുണ്ടെന്നും പറഞ്ഞിരുന്നു. മുൻ താരങ്ങളായ സന്ദീപ് പാട്ടീൽ, ദിലീപ് വെങ്സാർക്കർ എന്നിവരുൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

ഒരു വർഷമായി രക്താബുദം ബാധിച്ച് ലണ്ടനിലെ കിങ്സ് കോളജ് ആശുപത്രിയിൽ കഴിയുകയാണ് 71കാരനായ ഗെയ്ക്‍വാദ്. ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ചികിത്സ ആവശ്യത്തിന് പണമില്ലാത്ത കാര്യം സൂചിപ്പിച്ചെന്ന് മുൻ പരിശീലകൻ കൂടിയായ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തിയതോടെയാണ് ഗെയ്ക്‍വാദിന്റെ അവസ്ഥ വാർത്തയായത്.

‘തന്റെ ചികിത്സക്ക് പണം ആവശ്യമാണെന്ന് അൻഷു എന്നോട് പറഞ്ഞു. ഉടൻ തന്നെ ദിലീപ് വെങ്‌സാർക്കറും ഞാനും ബി.സി.സി.ഐ ട്രഷറർ ആശിഷ് ഷെലാറുമായി സംസാരിച്ചു. ലണ്ടനിലെ കിങ്സ് കോളജ് ഹോസ്പിറ്റലിൽ അൻഷുവിനെ സന്ദർശിച്ച ശേഷമാണ് ഞങ്ങൾ ആശിഷ് ഷെലാനെ സമീപിച്ചത്. ഫണ്ടിനായുള്ള ഞങ്ങളുടെയും മറ്റ് മുൻ ക്രിക്കറ്റ് താരങ്ങളുടെയും അഭ്യർഥന പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അവന്റെ രോഗം ഭേദമാകുമെന്നും ജീവൻ രക്ഷിക്കാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്. ഏതൊരു രാജ്യത്തു നിന്നുള്ള ക്രിക്കറ്റ് കളിക്കാരനെയും അവരുടെ ബോർഡ് സഹായിക്കണം. അൻഷുവിന്റെ കാര്യത്തിൽ മുൻഗണന നൽകുകയും പരമപ്രധാനമായി കണക്കാക്കുകയും വേണം’ -എന്നിങ്ങനെയാണ് സന്ദീപ് പാട്ടീൽ മിഡ് ഡേയിലെ കോളത്തിൽ കുറിച്ചത്.

1975 മുതൽ 1987 വരെ 12 വർഷം ഇന്ത്യൻ ജഴ്സിയണിച്ച അൻഷുമൻ ഗെയ്ക്‍വാദ് 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. രണ്ടുതവണ ഇന്ത്യൻ പരിശീലകനുമായി. 1997-99, 2000 കാലഘട്ടങ്ങളിലായിരുന്നു അദ്ദേഹം ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.

Tags:    
News Summary - The efforts of former players paid off; BCCI sanctioned Rs 1 crore for Anshuman Gaekwad's treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.