സഞ്ജുവിന്റെ 110 മീറ്റർ സിക്സർ; പറന്നെത്തിയത് ഡ്രസ്സിങ് റൂമിന്റെ മേല്‍ക്കൂരയിൽ -വിഡിയോ

ഹരാരെ: സിംബാബ്‌വെക്കെതിരായ അവസാന ട്വന്റി 20യില്‍ തകർപ്പൻ അർധസെഞ്ച്വറിയുമായി ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. ലോകകപ്പ് ടീമിലുണ്ടായിരുന്നിട്ടും ഒറ്റ മത്സരത്തിലും അവസരം ലഭിക്കാതിരുന്ന താരത്തിന് വെസ്റ്റിൻഡീസിൽനിന്ന് മടങ്ങിയെത്തിയ ശേഷം സിംബാബ്​‍വെക്കെതിരായ മൂന്നാം മത്സരത്തിലാണ് ടീമിനൊപ്പം ചേരാനായത്. മൂന്നാം മത്സരത്തിൽ 12 റൺസുമായി പുറത്താകാതെനിന്ന സഞ്ജുവിന് നാലാം മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ, അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടത്തിൽ മുൻനിര തകർന്നതോടെ നേരത്തെയിറങ്ങിയ സഞ്ജു അവസരം മുതലാക്കുകയും 45 പന്തില്‍ 58 റൺസെടുത്ത് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുകയും ചെയ്തു. മത്സരത്തിൽ സഞ്ജു അടിച്ചൊരു സിക്സാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്. സ്പിന്നർ ബ്രൻഡൻ മവുത എറിഞ്ഞ 12ാം ഓവറിലെ മൂന്നാം പന്താണ് 110 മീറ്റർ അകലേക്ക് 29കാരൻ അടിച്ചകറ്റിയത്. ഡ്രസ്സിങ് റൂമിന്റെ മേല്‍ക്കൂരയിലാണ് പന്ത് വീണത്. ഇതിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഡീപ് എക്സ്ട്രാ കവറിലൂടെ മറ്റൊരു സിക്സർ കൂടി ഈ ഓവറിൽ സഞ്ജു അടിച്ചെടുത്തു. ഇതോടെ ട്വന്റി 20യിൽ 300ലധികം സിക്സ് എന്ന നേട്ടവും താരം സ്വന്തമായി. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്ന ഇന്നിങ്സിന്, ​െബ്ലസ്സിങ് മുസറബാനിയുടെ പന്തിൽ മരുമാനി പിടികൂടിയതോടെയാണ് വിരാമമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ ശിവം ദുബെയുടെ (12 പന്തിൽ 26) ഇന്നിങ്സാണ് സ്കോർ 160 കടത്തിയത്. സഞ്ജുവും റിയാന്‍ പരാഗും ചേർന്നുള്ള കൂട്ടുകെട്ടിൽ പിറന്ന 65 റണ്‍സും നിർണായകമായി.

Tags:    
News Summary - Sanju's 110m six; It flew on the roof of the dressing room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.