മുടന്തി അഭിനയിച്ചത് ഭിന്നശേഷിക്കാരെ പരിഹസിക്കലെന്ന് വിമർശനം; വിഡിയോ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് ഹർഭജൻ സിങ്

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരങ്ങൾ അണിനിരന്ന ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ കളിച്ചതിന്റെ ക്ഷീണം ഹാസ്യാത്മകമായി പ്രകടിപ്പിക്കാൻ മുടന്തി നടക്കുന്ന വിഡിയോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത വിമർശനം നേരിട്ടതോടെ ഖേദപ്രകടനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇത് ഭിന്നശേഷിക്കാരെ പരിഹസിക്കുന്നതാണെന്ന വിമർശനം ഉയർത്തി 2019 ലോക ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവായ പാരാ ബാഡ്മിന്റൺ താരം മാനസി ജോഷി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് ഹർഭജൻ സിങ്ങിന്റെ വിശദീകരണം.

മാനസി ജോഷി

15 ദിവസം നീണ്ട ടൂർണമെന്റ് തങ്ങളെ ക്ഷീണിപ്പിച്ചെന്ന് കാണിക്കാനാണ് ഹർ‌ഭജൻ സിങ്, യുവരാജ് സിങ്, സുരേഷ് റെയ്ന തുടങ്ങിയവർ ‘തോബ തോബ...’ എന്ന ഗാനത്തിന്റെ അകമ്പടിയിൽ മുടന്തി അഭിനയിച്ചത്. ക്രിക്കറ്റ് ലോകത്തെ പ്രമുഖർ ഇത് പങ്കുവെക്കുകയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെ ചിലർ താരങ്ങൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. ടൂർണമെന്റ് ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ ചാമ്പ്യന്മാരായിരുന്നു.

വിവാദമായതോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തിരുന്നു. വിഡിയോ ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ച് ചെയ്തതല്ലെന്ന് വിശദീകരിച്ച ഹർഭജൻ സിങ്, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു.

‘ഇംഗ്ലണ്ടിൽ നടന്ന ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പിലെ കിരീട വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഞങ്ങൾ പങ്കുവെച്ച വിഡിയോ പരാതികൾക്കിടയാക്കിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ആഗ്രഹിക്കുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. എല്ലാ വ്യക്തികളെയും വിഭാഗങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. ഈ പ്രായത്തിൽ 15 ദിവസം തുടർച്ചയായി ക്രിക്കറ്റ് കളിച്ചത് ഞങ്ങളുടെ ശരീരങ്ങൾക്ക് ക്ഷീണമുണ്ടാക്കിയെന്ന് കാണിക്കാനാണ് അത്തരമൊരു വിഡിയോ ചെയ്തത്. അല്ലാതെ ആരെയും വേദനിപ്പിക്കണമെന്ന് വിചാരിച്ചിട്ടില്ല. ഞങ്ങൾ ചെയ്തത് തെറ്റായിപ്പോയെന്ന് ഇപ്പോഴും ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ, അവരോട് ക്ഷമ ചോദിക്കുക മാത്രമേ എനിക്കു് ചെയ്യാനുള്ളൂ. എല്ലാവരും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർത്തണം. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂ. എല്ലാവരോടും സ്നേഹം’ – ഹർഭജൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഹർഭജന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോക്കെതിരെ, 2011ലുണ്ടായ അപകടത്തെ തുടർന്ന് കാലുകൾ നഷ്ടമായ പാരാ ബാഡ്മിന്റൺ താരം മാനസി ജോഷി കടുത്ത വിമർശനമാണ് ഉയർത്തിയത്. ‘ഈ പ്രവൃത്തിയും അതിന്റെ പേരിൽ ജനങ്ങളിൽനിന്ന് ലഭിക്കുന്ന അഭിനന്ദനവും ഉണ്ടാക്കുന്ന അപകടം നിങ്ങൾക്ക് അറിയില്ല. ഇത് വേദനിപ്പിക്കുന്ന കാഴ്ചയാണ്. നിങ്ങളെപ്പോലുള്ള താരങ്ങളിൽനിന്ന് കൂടുതൽ ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നു. ഭിന്നശേഷിക്കാരെ ദയവു ചെയ്ത് പരിഹസിക്കരുത്. മറ്റുള്ളവരെ ചിരിപ്പിക്കാനായി ഭിന്നശേഷിക്കാരുടെ നടപ്പിന്റെ ശൈലിയെ അനുകരിക്കുന്നതിൽ തെറ്റില്ലെന്ന ചിന്ത ആളുകളിലുണ്ടാക്കാൻ നിങ്ങളുടെ റീൽ കാരണമാകും. ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികൾ മറ്റുള്ളവർക്ക് മുന്നിൽ പരിഹാസപാത്രങ്ങളാകുന്നതിനും ഈ വിഡിയോ ഇടയാക്കും’ –മാനസി കുറിച്ചു.

Tags:    
News Summary - Criticism against video; Harbhajan Singh retracted the video and expressed regret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.