കൊളംബോ: രസംകൊല്ലിയായി പെയ്യുന്ന മഴക്ക് പോലും കെടുത്താനാവാത്ത ആവേശമാണ് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്നത്. രണ്ട് ദിവസമെടുത്ത് പൂർത്തിയാക്കിയ ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ 228 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. ബാറ്റിങ്ങിലും ബൗളിങ്ങിലും നിറഞ്ഞാടിയ ടീം ഇന്ത്യക്ക് മുന്നിൽ പാക് പട ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.
ഇന്ത്യ മുന്നോട്ട് വെച്ച 357 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഇന്നിങ്സ് 128 റൺസിൽ അവസാനിക്കുകയായിരുന്നു. എട്ട് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് പാകിസ്താൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.
വിരാട് കോഹ്ലിയുടെയും (94 പന്തിൽ 122 നോട്ടൗട്ട്) കെ.എൽ. രാഹുലിന്റെയും (106 പന്തിൽ 111 നോട്ടൗട്ട്) അപരാജിത സെഞ്ച്വറിയാണ് ടീം ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 233 റൺസ് ഏഷ്യ കപ്പ് റെക്കോഡാണ്. ഒമ്പത് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. രാഹുൽ 12 ബൗണ്ടറിയും രണ്ട് സിക്സറും പറത്തി. മറുപടിയിൽ പാകിസ്താൻ എട്ട് വിക്കറ്റിനാണ് 128 എടുത്തത്. പരിക്കറ്റ നസീം ഷായും ഹാരിസ് റഊഫും ബാറ്റ് ചെയ്തില്ല. ഓപണർ ഫഖർ സൽമാനാണ് (27) പാക് ടോപ് സ്കോറർ.
ഒന്നേ മുക്കാൽ മണിക്കൂറോളം വൈകിയാണ് തിങ്കളാഴ്ച കളി തുടങ്ങിയത്. തലേന്നത്തെ സ്കോറായ 24.1 ഓവറിൽ രണ്ടിന് 147ൽ ബാറ്റിങ് പുനരാരംഭിച്ചു ഇന്ത്യ. രാഹുൽ 17ഉം കോഹ്ലി എട്ടും റൺസിൽ വീണ്ടും ക്രീസിലെത്തി. ഇവർ അടി തുടങ്ങിയതോടെ റണ്ണൊഴുകി. നേരിട്ട 70ാം പന്തിൽ കോഹ്ലിയും 60ാം പന്തിൽ രാഹുലും അർധ ശതകങ്ങൾ പിന്നിട്ടു. 33ാം ഓവറിൽ ടീം സ്കോർ 200 കടന്നു. മൂന്നാം വിക്കറ്റിൽ 101 പന്തിൽ 100 റൺസ് ചേർത്ത സഖ്യം പാകിസ്താന് തലവേദനയായി. തകർക്കാൻ ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഫലം കണ്ടില്ല. 40ാം ഓവറിൽ ഇന്ത്യ 250ലെത്തി.
പിന്നെ ഇരുവരുടെയും ബാറ്റുകൾക്ക് മൂർച്ച കൂടുന്നതാണ് കണ്ടത്. 45 ഓവറിൽ സ്കോർ 300. രാഹുൽ സെഞ്ച്വറിക്കരികിൽ നിൽക്കെ 47ാം ഓവറിൽ നസീം ഷായെ സിക്സറടിച്ച് കോഹ്ലി 90ൽ നിന്ന് 96ൽ. നൂറാം പന്തിൽ രാഹുൽ ഏകദിനത്തിലെ ആറാം ശതകം തികച്ചു. പിന്നാലെ കോഹ്ലിയും. 84 പന്തിലായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. പാകിസ്താൻ മറുപടി ബാറ്റിങ് തുടങ്ങിയപ്പോഴും ഇടക്ക് മഴ കാരണം കളി നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.