മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് 540 റൺസ് വിജയലക്ഷ്യം. മൂന്നാം ദിനം ഏഴിന് 276 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിന് പാഡുകെട്ടിയിറങ്ങിയ കിവീസ് നാലോവർ പൂർത്തിയാകുേമ്പാൾ ഒന്നിന് 13 റൺസെന്ന നിലയിലാണ്. ടോം ലഥാമാണ് (6) ആർ. അശ്വിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി മടങ്ങിയത്. വിൽ യങാണ് (7) ക്രീസിൽ.
രണ്ട് ദിവസവും ഒമ്പത് വിക്കറ്റും ബാക്കി നിൽക്കേ 527 റൺസ് കൂടിയാണ് ന്യൂസിലൻഡിന് ജയിക്കാൻ വേണ്ടത്. ആദ്യ ഇന്നിങ്സിൽ 62 റൺസിന് പുറത്തായ കിവീസിന് അത്ഭുതം കാണിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി നിർത്തിയത്. മായങ്ക് അഗർവാളും (38) ചേതേശ്വർ പുജാരയുമായിരുന്നു (29) ക്രീസിൽ. മൂന്നാം ദിവസം ഒന്നാം വിക്കറ്റിൽ ഇരുവരും ടീം ടോട്ടൽ നൂറുകടത്തി.
സ്കോർ 107ൽ എത്തിനിൽക്കേ അർധസെഞ്ച്വറി തികച്ച മായങ്കിനെ (62) വിൽ യങ്ങിന്‍റെ കൈകളിലെത്തിച്ച് അജാസ് പേട്ടൽ കിവീസിന് ആദ്യ ബ്രേക്ക്ത്രൂ നൽകി. അധികം വൈകാതെ പുജാരയും (47) മടങ്ങി. അജാസിന് തന്നെയായിരുന്നു വിക്കറ്റ്. ശേഷം ക്രീസിൽ ഒത്തുചേർന്ന ശുഭ്മാൻ ഗില്ലും കോഹ്ലിയും മൂന്നാം വിക്കറ്റിൽ 82 റൺസ് ചേർത്തു.
അർധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗില്ലിനെ (47) ടോം ലഥാമിന്‍റെ കൈകളിലെത്തിച്ച് രചിൻ രവീന്ദ്ര തന്‍റെ കന്നി ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ശ്രേയസ് അയ്യർ (14) രണ്ട് സിക്സർ പറത്തിയെങ്കിലും അജാസിന്‍റെ പന്തിൽ വിക്കറ്റിന് പിന്നിൽ ക്യാച് നൽകി മടങ്ങി. പിന്നാലെ കോഹ്ലിയുടെ സ്റ്റംപിളക്കി വിലയേറിയ മറ്റൊരു വിക്കറ്റും രചിൻ സ്വന്തമാക്കി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ (13) മടക്കി രചിൻ മൂന്നാം വിക്കറ്റ് നേടി.
അതേസമയം മറുവശത്ത് ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയ അക്സർ പേട്ടൽ ടീമിന്‍റെ ലീഡുയർത്തുന്നുണ്ടായിരുന്നു. ജയന്ത് യാദവാണ് (6) അവസാനം പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാൻ. 26 പന്തിൽ നാല് സിക്സും മൂന്ന് ബൗണ്ടറിയും സഹിതമാണ് അക്സർ പുറത്താകാതെ 41 റൺസ് നേടിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ മൊത്തം വിക്കറ്റ് വീഴ്ത്തിയ അജാസ് രണ്ടാം ഇന്നിങ്സിൽ നാലുവിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.