അഹ്മദാബാദ്: ടെസ്റ്റ് പരമ്പര നേടിയ ആവേശത്തിൽ ഇംഗ്ലീഷ് പടക്കെതിരെ ഇന്ത്യ അതിവേഗ ക്രിക്കറ്റിെൻറ പോരാട്ടച്ചൂടിലേക്ക് ഇന്നിറങ്ങും. അഞ്ചു മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരയിലെ മുഴുവൻ മത്സരങ്ങളും അഹ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്. വൈകീട്ട് ഏഴു മണിക്കാണ് എല്ലാ മത്സരങ്ങളും.
പരമ്പര നേട്ടത്തിലുപരി ഒക്ടോബറിൽ തുടക്കമാവുന്ന ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കടഞ്ഞെടുക്കൽ കൂടിയാവും ഈ പരമ്പരയിലൂടെ കോച്ച് രവിശാസ്ത്രി ലക്ഷ്യമിടുന്നത്. ഉഗ്രന്‍ ഫോമിലുള്ള ഒരുപിടി താരങ്ങളില്‍ ആരെയെല്ലാം ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ടീം ഇന്ത്യയുടെ ആശയക്കുഴപ്പം. മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് ടീമിൽ ഇടംപിടിക്കാനാവും താരങ്ങളുടെ ശ്രമം.
രോഹിത് ശർമക്കൊപ്പം ഓപണിങ്ങിൽ ആരിറങ്ങുമെന്നാണ് ലോകകപ്പിനു മുന്നേ ഇന്ത്യൻ നിരയിൽ തീരുമാനമാവേണ്ട കാര്യം. ലോകേഷ് രാഹുലും ശിഖർ ധവാനുമാണ് ഈ സ്ഥാനത്തിന് 'പോരടിക്കുന്നത്'. അനുഭവ സമ്പത്ത് ധവാനാണെങ്കിലും പെർഫോമെൻസിൽ രാഹുലാണ് ഒരുപടി മുന്നിൽ. ധവാൻ ഓപണിങ്ങിൽ എത്തിയാൽ രാഹുൽ നാലാമനായി ടീമിലുണ്ടാവും. മധ്യനിരയില്‍ അരങ്ങേറ്റം പ്രതീക്ഷിച്ച് ഇഷാന് കിഷന്, രാഹുല്‍ തെവാട്ടിയ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ കാത്തിരിക്കുന്നുണ്ട്.
ബൗളിങ്ങിൽ പരിക്കേറ്റ നടരാജൻ പുറത്താവുകയും ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കുകയും ചെയ്തപ്പോള്‍, ഭുവനേശ്വർ കുമാർ പേസ് ആക്രമണത്തിന് നേതൃത്വം നൽകാൻ തിരിച്ചെത്തിയേക്കും. യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്‍ ത്രയം.
ഒയിന്‍ മോര്ഗെൻറ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇംഗ്ലീഷ് ടീം ട്വൻറി 20യില്‍ അതിശക്തരാണ്. ഡേവിഡ് മാലന്, ജോസ് ബട്ലര്, ജോഫ്ര ആര്‍ച്ചര്‍, മുഈന്‍ അലി, ബെന്‍ സ്റ്റോക്സ് തുടങ്ങിയവര്‍ ഒറ്റക്ക് കളി മാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍. ട്വൻറി20യില്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോഡാണ് മോർഗനുള്ളത്. 54 മത്സരങ്ങളില്‍ 31ലും ടീമിനെ ജയിപ്പിക്കാന്‍ മോര്ഗനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.