അഹ്മദാബാദ്: ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റക്ക് ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് വീഴാൻ ഇനി ഓരോ പകലും രാത്രിയും ബാക്കി. ലോക കിരീടത്തിനായി പത്തു ടീമുകൾ മാറ്റുരക്കുന്ന അങ്കങ്ങൾ ഒന്നര മാസക്കാലം രാജ്യത്തെ പത്തു വേദികളിലായി നടക്കും.
നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും വ്യാഴാഴ്ച ഉച്ചക്ക് മൊട്ടേരയിൽ ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യ, ആസ്ട്രേലിയ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, നെതർലൻഡ്സ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയാണ് മറ്റു ടീമുകൾ. നവംബർ 19ന് അഹ്മദാബാദിലാണ് ഫൈനൽ.
രണ്ടു തവണ ചാമ്പ്യന്മാരായ ഇന്ത്യ 13ാം ലോകകപ്പിനിറങ്ങുന്നത് മൂന്നാം കിരീടം ലക്ഷ്യമിട്ടാണ്. 1983ലും 2011ലുമാണ് ഇന്ത്യ ജേതാക്കളായത്.
മോദി സ്റ്റേഡിയത്തിൽ ബുധനാഴ്ച നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്ന ഉദ്ഘാടനച്ചടങ്ങുകളൊന്നും ഉണ്ടാവില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ആശ ഭോസ്ലെ, രൺവീർ സിങ്, തമന്ന ഭാട്ടിയ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, അരിജിത് സിങ് തുടങ്ങിയ കലാകാരന്മാരെ അണിനിരത്തി നിറപ്പകിട്ടാർന്ന പരിപാടികൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ആസൂത്രണം ചെയ്തിരുന്നു.
ഇന്ന് പത്തു ടീമുകളുടെയും ക്യാപ്റ്റന്മാരുടെ സംഗമവും തുടർന്ന് ലേസർ ഷോയും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഫൈനൽ ദിവസമോ ഒക്ടോബർ 14ലെ ഇന്ത്യ-പാകിസ്താൻ മത്സരത്തോടനുബന്ധിച്ചോ പരിപാടികൾ നടത്താനാണ് പദ്ധതി.
ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറിനെ ഐ.സി.സി നിയമിച്ചു. അതേസമയം, നൂറുദിന കൗണ്ട് ഡൗൺ പ്രമാണിച്ച് ബഹിരാകാശത്തുനിന്ന് തുടങ്ങിയ ട്രോഫി പര്യടനം വിവിധ രാജ്യങ്ങൾ താണ്ടി ഗുജറാത്തിലെത്തിയിട്ടുണ്ട്. നർമദ ജില്ലയിലെ ഏകത പ്രതിമക്ക് സമീപം ട്രോഫി പ്രദർശിപ്പിച്ചു.
തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന മൂന്നാം ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാൻഡിന് ഏഴ് റൺസ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. ഡിവോൺ കോൺവേയും (78) വികറ്റ് കീപ്പർ ടോം ലതാമും (51) അർധ സെഞ്ച്വറി നേടി. നായകൻ കെയ്ൻ വില്യംസൺ 37 റൺസെടുത്തു.
ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ലുങ്കി എൻഗിഡിയും മാർകോ ജെൻസനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിനെ മൂന്നാം പന്തിൽ തന്നെ ട്രെന്റ് ബോൾട്ട് വിറപ്പിച്ചു. റീസ ഹെൻഡ്രിക്സിനെ (പൂജ്യം) വിക്കറ്റിന് മുന്നിൽ കുരുക്കി. റാസി വാൻഡർ ഡസൻ (51), ഐഡൻ മാർക്രം (13), ക്ലാസൻ (39), ഡേവിഡ് മില്ലർ (18*) എന്നിവരെ കൂട്ടുപിടിച്ച് ക്വിന്റൺ ഡീക്കോക്ക് (84*) പൊരുതിയതോടെ കളി ആവേശത്തിലായി.
37 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 211 റൺസിൽ നിൽക്കെ മഴയെത്തി. ഇതോടെ മഴ നിയമപ്രകാരം കിവീസിനെ ഏഴ് റൺസിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ പാകിസ്താനെതിരായ സന്നാഹമത്സരത്തിലും കിവീസ് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.