ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം; അർധസെഞ്ച്വറിയുമായി പിടിച്ചുനിന്ന് ജയ്സ്വാൾ

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് തകർച്ച. 38 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ് ആതിഥേയർ. കഴിഞ്ഞ രണ്ട് ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടിയ ഓപണർ യശസ്വി ജയ്സ്വാൾ അർധസെഞ്ച്വറിയുമായി ക്രീസിൽ തുടരുന്നതാണ് ഇന്ത്യൻ പ്രതീക്ഷ. 54 റൺസുമായി തുടരുന്ന ജയ്സ്വാളിനൊപ്പം ഒരു റൺസുമായി സർഫ്രാസ് ഖാനാണ് ക്രീസിൽ.

ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും (122 നോട്ടൗട്ട്), ഒലീ റോബിൻസന്റെ അർധസെഞ്ച്വറിയുടെയും (58) മികവിൽ ആദ്യ ഇന്നിങ്സിൽ 353 റൺസ് നേടിയ ഇംഗ്ലണ്ടിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. രണ്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ ജെയിംസ് ആൻഡേഴ്സൺ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈയിലെത്തിക്കുകയായിരുന്നു.

എന്നാൽ, ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തുമെന്ന് തോന്നിച്ചെങ്കിലും 65 പന്ത് നേരിട്ട് 38 റൺസിലെത്തിയ ഗില്ലിനെ വിക്കറ്റിന് മുമ്പിൽ കുടുക്കി യുവ സ്പിന്നർ ശുഐബ് ബഷീർ അവരെ കളിയിലേക്ക് തിരിച്ചു​കൊണ്ടുവന്നു. 17 റൺസെടുത്ത രജത് പാട്ടിദാറിനെയും ശുഐബ് അതേ രീതിയിൽ മടക്കി. സർഫ്രാസ് ഖാന് മുമ്പ് ക്രീസിലെത്തിയ രവീന്ദ്ര ജദേജയെ ശുഐബ് ഒലീ പോപിന്റെ കൈയിലെത്തിച്ചതോടെ ഇന്ത്യയുടെ നാലാം വിക്കറ്റും വീഴുകയായിരുന്നു.

Tags:    
News Summary - India lose four wickets; Jaiswal holds on with a half-century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.