ഇത് വല്ലാത്തൊരു മത്സരം; അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ട്വന്റി 20

ലഖ്നോ: അടൽ ബിഹാരി വാജ്പേയ് അന്താരാഷ്ട്ര സ്റ്റേഡിയം ഇന്നലെ സാക്ഷിയായത് ട്വന്റി 20 മത്സരത്തിലെ അപൂര്‍വ റെക്കോര്‍ഡിന്. ഐ.സി.സിയുടെ പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്തര ട്വന്റി 20 മത്സരങ്ങളില്‍ കൂടുതല്‍ പന്തുകള്‍ കളിച്ച് ഒറ്റ സിക്സ് പോലും പിറക്കാത്ത മത്സരമെന്ന റെക്കോഡാണ് ഇന്നലെ അര​ങ്ങേറിയ ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി 20 മത്സരത്തിന് സ്വന്തമായത്. ഇരു ടീമുകളും കൂടി 39.5 (239 പന്തുകള്‍) ഓവര്‍ ബാറ്റ് ചെയ്തിട്ടും ഒറ്റ പന്ത് പോലും ഗാലറിയിലെത്തിയില്ല. 2021ല്‍ മിര്‍പൂരില്‍ നടന്ന ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് ട്വന്റി 20യിലും ഒറ്റ സിക്സ് പോലും പിറന്നില്ലെങ്കിലും അന്ന് ഇരു ടീമും ചേര്‍ന്ന് 238 പന്തുകളാണ് കളിച്ചത്. ഇന്നലത്തെ മത്സരത്തേക്കാള്‍ ഒരു പന്ത് കുറവ്. ഇന്നലെ കൂറ്റനടിക്കാരനായ സൂര്യകുമാര്‍ യാദവിന് പോലും 31 പന്തില്‍ 26 റണ്‍സാണ് നേടാനായത്. പുറത്താകാതെ നിന്ന അദ്ദേഹത്തിന് നേടാനായത് ഒരേയൊരു ബൗണ്ടറി മാത്രം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 99 റൺസ് മാത്രമാണെടുത്തത്. അനായസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയും മുടന്തുന്ന കാഴ്ചയാണ് പിന്നീട് ആരാധകർ കണ്ടത്. ജയത്തിനായി അവസാന ഓവറിലെ അഞ്ചാം പന്ത് വരെ കാക്കേണ്ടി വന്നു. മത്സരത്തില്‍ ന്യൂസിലാൻഡ് ബാറ്റർമാർ ആകെ നേടിയത് ആറ് ബൗണ്ടറികള്‍ മാത്രമായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ രണ്ട് ബൗണ്ടറിയടിച്ച ഫിന്‍ അലനൊഴികെ ഒരാള്‍ക്ക് പോലും കിവീസ് നിരയില്‍ ഒന്നില്‍ കൂടുതല്‍ ബൗണ്ടറിയും നേടാനായില്ല. ഇന്ത്യന്‍ ബാറ്റര്‍മാരും വ്യത്യസ്തമായിരുന്നില്ല. ആകെ എട്ട് ബണ്ടറികളാണ് പേരുകേട്ട ഇന്ത്യൻ ​ബാറ്റിങ് നിരക്ക് നേടാനായത്. ഇതില്‍ രണ്ട് വീതം ബൗണ്ടറികളടിച്ച ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലിനുമൊഴികെ മറ്റാര്‍ക്കും ഒന്നില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടാനായില്ല.

മുമ്പ് ലഖ്നോവില്‍ നടന്ന അഞ്ച് ട്വന്റി 20 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാല്‍ ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍ മറ്റൊന്നും ആലോചിച്ചില്ല. എന്നാൽ, ഇന്ത്യക്കെതിരായ ട്വന്റി 20യില്‍ ന്യൂസിലാൻഡിന്‍റെ ഏറ്റവും ചെറിയ സ്കോറുമായാണ് ബാറ്റർമാർ മടങ്ങിയത്.

ഐ.സി.സി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ സ്പിന്നര്‍മാര്‍ ഏറ്റവും കൂടുതല്‍ ഓവറുകളെറിഞ്ഞ രണ്ടാമത്തെ മത്സരമെന്ന റെക്കോഡും ലഖ്നോ ട്വന്റി 20ക്ക് സ്വന്തമായി. എട്ട് ബൗളര്‍മാരെ ഉപയോഗിച്ച കിവീസ് സ്പിന്നര്‍മാരെക്കൊണ്ട് എറിയിച്ചത് 17 ഓവറുകളായിരുന്നെങ്കിൽ ഇന്ത്യന്‍ നിരയില്‍ നാല് സ്പിന്നര്‍മാര്‍ ചേര്‍ന്നെറിഞ്ഞത് 13 ഓവറുകളായിരുന്നു. ഇതോടെ ഇരു ടീമിനുമായി സ്പിന്നർമാർ എറിഞ്ഞത് 30 ഓവറുകൾ. 

Tags:    
News Summary - India-New Zealand 2nd Twenty20 with rare record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.