മുംബൈ: ക്രിക്കറ്റിൽ വിശ്വകിരീടം തേടിയായാലും വൻകരപ്പോരായാലും അയൽക്കാർ തമ്മിലാകുമ്പോൾ അങ്കം മുറുകും. ആവേശം കൊഴുക്കും. നീണ്ട ഒരു പതിറ്റാണ്ടിലേറെയായി ഒരു പരമ്പര കളിക്കാത്തവർ തമ്മിൽ ഏഷ്യകപ്പിൽ വീണ്ടും മുഖാമുഖം വരുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരുവരെയും തൃപ്തിപ്പെടുത്തുന്നില്ല. ഒരേ ഗ്രൂപ്പിൽ സൂപ്പർ ഫോർ ലക്ഷ്യമിട്ടാണ് ഇന്ത്യയും പാകിസ്താനും ഇറങ്ങുന്നത്. ശ്രീലങ്കയിലെ പാലെകിൽ മൈതാനത്താണ് മത്സരം.
വിരാട് കോഹ്ലിയും രോഹിത് ശർമയും അണിനിരക്കുന്ന ബാറ്റിങ് ലൈനപ്പാണ് ഇന്ത്യയുടെ വജ്രായുധങ്ങളെങ്കിൽ മറുവശത്ത് ശഹീൻ അഫ്രീദി, ഹാരിസ് റഊഫ് തുടങ്ങിയവർ മുന്നിൽനിൽക്കുന്ന ബൗളിങ്ങാണ് ബദ്ധവൈരികൾക്കായി പാകിസ്താൻ കരുതിവെച്ചിരിക്കുന്നത്.
വീണ്ടും 50 ഓവർ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ ഏഷ്യകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമാകും അയൽക്കാർ തമ്മിൽ. മെൽബണിൽ ട്വന്റി20 ലോകകപ്പിനിടെ റഊഫിനെ ആകാശത്തേക്ക് പറത്തിയ കോഹ്ലിയുടെ കിടിലൻ ബാറ്റിങ്ങാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്. മറുവശത്ത്, ശഹീൻ അഫ്രീദിയുടെ മാരക ബൗളിങ്ങിൽ പതറിവീണ രോഹിതിന്റെ ഓർമകളിലാണ് പാക് കാണികൾ കണ്ണുറപ്പിച്ചുനിർത്തുന്നത്. ഇന്ത്യൻ ബാറ്റിങ്ങിൽ കോഹ്ലി- രോഹിത്- ശുഭ്മൻ ഗിൽ ത്രയത്തിൽ തന്നെയാണ് പ്രതീക്ഷ. മറുവശത്ത് ശഹീൻ- റഊഫ്- നസീം ഷാ കൂട്ടുകെട്ടിന്റെ മാരക സ്പെല്ലുകളും. കെ.എൽ. രാഹുൽ ഇറങ്ങാത്തത് ഇടംകൈയനായ ഇശാൻ കിഷന് അവസരം നൽകിയേക്കും. നാലോ അഞ്ചോ സ്ഥാനത്താകും താരം ബാറ്റിങ്ങിനിറങ്ങുക.
ഏകദിനത്തിൽ ലോക ഒന്നാം റാങ്കുകാരാണ് പാകിസ്താൻ. ഇന്ത്യ 2019നു ശേഷം 57 മത്സരങ്ങൾ കളിച്ചിടത്ത് പാക് സംഘം പകുതി മാത്രമായ 29 എണ്ണമേ കളിച്ചിട്ടുള്ളൂ. ഇതിൽ 19ഉം ഈ വർഷവും. ഇരു ടീമുകളും ഏകദിനത്തിൽ 136 തവണ മുഖാമുഖം നിന്നതിൽ 73 തവണ ജയം പിടിച്ച് പാകിസ്താനാണ് മുന്നിൽ. ഇന്ത്യ ജയിച്ചത് 55ഉം. സമീപ കാലത്തുള്ള ഏറ്റവും ശക്തമായ ടീമാണ് പാകിസ്താന്റേത്. ഏകദിന റാങ്കിങ്ങിൽ ഒന്നാമതാണ് അവർ. ബാറ്റിങ് റാങ്കിങ്ങിലും ബാബർ ഒന്നാമത്. ഇമാം, ഫഖർ സമാൻ ആദ്യ അഞ്ചിൽ. എന്നാൽ, വിരാട് കോഹ്ലിയെന്ന അതികായൻ ഒറ്റക്കുനിന്നാൽ എല്ലാം അവസാനിക്കുമെന്നതാണ് എതിരാളികളെ ഇപ്പോഴും കുഴക്കുന്നത്.
പാക് ബാറ്റിങ്ങിൽ ആദ്യത്രയങ്ങളായ ബാബർ അഅ്സം, ഫഖർ സമാൻ, ഇമാമുൽ ഹഖ് എന്നിവരൊക്കെയും മികവ് തെളിയിച്ചവരാണെങ്കിലും നാലു മുതൽ ആറ് വരെ സ്ഥാനങ്ങളിൽ ബാറ്റുറച്ച പ്രതിഭകളുടെ അസാന്നിധ്യം ടീമിനെ ഉലക്കുന്നുണ്ട്. നാലാമനായി ഇറങ്ങാറുള്ള മുഹമ്മദ് റിസ്വാൻ മുതൽ ഉസാമ മിർ, സൗദ് ഷകീൽ, ആഗ സൽമാൻ വരെയുള്ളവർ അടുത്തിടെ സ്ഥിരത കാട്ടുന്നവരല്ല. ഏഴാമനായ ഇഫ്തിഖാർ അഹ്മദ് പക്ഷേ, നേപ്പാളിനെതിരെ നേരത്തെയിറങ്ങി സെഞ്ച്വറി കുറിച്ചിരുന്നു. ഷദാബും മികച്ച പ്രകടനം പുറത്തെടുത്തു. മധ്യനിര ആധികൾ ഇരു ടീമിന്റെയും ദൗർബല്യമായി തുടരുന്നുവെന്ന് സാരം.
ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യ കൂടിയുണ്ടാകും. ഇവർക്കൊപ്പമോ മുന്നിലോ നിർത്താവുന്ന ശഹീൻ- നസീം- റഊഫ് കൂട്ടുകെട്ട് ഈ വർഷം ഇതുവരെയായി എതിരാളികളുടെ 49 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. റഊഫ് 10 കളികളിൽ 17 വിക്കറ്റുമായി ഏറ്റവും മുന്നിലാണ്. ബുംറ ആദ്യമായി വമ്പൻ പോരാട്ടത്തിൽ പന്തെടുക്കുന്നുവെന്നതും ഇന്ത്യക്ക് മേൽക്കൈ നൽകും.
ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരേ മികവോടെ പ്രകടനം തുടരുന്ന രവീന്ദ്ര ജദേജ ഇന്നും ഇറങ്ങും. ഏഴാം നമ്പറിലാകും താരം എത്തുക. സ്പിന്നിൽ കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ ഉണ്ടാകും. ഈ വർഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ് കുൽദീപ്- 11 കളികളിൽ 22 എണ്ണം. അക്സറിന് പക്ഷേ, ആറിൽ മൂന്നു വിക്കറ്റ് മാത്രമാണ് സമ്പാദ്യം.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇശാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ഷാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസൺ.
പാകിസ്താൻ, ബാബർ അഅ്സം (ക്യാപ്റ്റൻ), അബ്ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഇമാമുൽ ഹഖ്, സൽമാൻ അലി ആഗ, ഇഫ്തിഖാർ അഹ്മദ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്റഫ്, ഹാരിസ് റഊഫ്, മുഹമ്മദ് വസീം, നസീം ഷാ, ശഹീൻ അഫ്രീദി,സൗദ് ഷകീൽ, തയ്യബ് താഹിർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.