നിർണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കെ ടീം ലൈനപ്പിൽ കാര്യമായ മാറ്റങ്ങളില്ലാതെ ഇന്ത്യ. ഓപണറായി കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗിൽ തന്നെ ഇറങ്ങും. അതേ സമയം, പേസർ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ഇറങ്ങിയേക്കും.
അഹമ്മദാബാദ് മൈതാനത്ത് രണ്ടു തരം പിച്ചുകളാണ് ഒരുക്കിയിരിക്കുന്നത്- കറുത്ത മണ്ണിലും ചുവന്ന മണ്ണിലും. ചുവന്ന മണ്ണിൽ ഒരുക്കിയ പിച്ചിലാണ് മത്സരമെങ്കിൽ കൂടുതൽ പേസർമാർക്ക് പകരം ബാറ്റർമാർക്കാകും അവസരമുണ്ടാകുക.
ഇന്ദോറിലെ ഹോൾക്കർ മൈതാനത്ത് ആതിഥേയരെ ഞെട്ടിച്ച് ഓസീസ് ഒമ്പതു വിക്കറ്റ് ജയം പിടിച്ചിരുന്നു. നായകനായി സ്റ്റീവ് സ്മിത്ത് പകരമെത്തിയതോടെ ഓസീസ് ടീം മാറിയത് പരിഗണിച്ച് കമിൻസിനു പകരം സ്മിത്തിനു തന്നെയാകും നായകത്വ ചുമതല.
ഈ ടെസ്റ്റിൽ ജയിക്കാനായാൽ ഇന്ത്യക്ക് അനായാസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ലഭിക്കും. പരാജയപ്പെട്ടാൽ ശ്രീലങ്ക- ന്യൂസിലൻഡ് മത്സര ഫലങ്ങളെ ആശ്രയിക്കേണ്ടിവരും.
ഇന്ത്യൻ ബാറ്റർമാരിൽ വിരാട് കോഹ്‍ലി നിറംമങ്ങിയപ്പോൾ കെ.എൽ രാഹുലിന് പകരമെത്തിയ ശുഭ്മാൻ ഗില്ലിനും തിളങ്ങാനായിട്ടില്ല. ശ്രേയസ് അയ്യർ, കെ.എസ് ഭരത് എന്നിവർക്കും ബാറ്റിങ്ങിൽ വേണ്ടത്ര ശോഭിക്കാനാവുന്നില്ല. അതേ സമയം, അക്സർ പട്ടേൽ പിൻനിരയിൽ കരുത്തുകാട്ടുന്നുണ്ട്. ബാറ്റിങ് മികവു കാട്ടുന്നതിനൊപ്പം ബൗളിങ്ങും മെച്ചപ്പെടണമെന്നാണ് ടീം ആഗ്രഹിക്കുന്നത്.
സ്പിന്നിനെ അനുകൂലിച്ച ഇന്ദോർ ടെസ്റ്റിൽ പേസ് ദ്വയമായ ഉമേഷ് യാദവും മുഹമ്മദ് സിറാജും ചേർന്ന് 13 ഓവർ മാത്രമാണ് പന്തെറിഞ്ഞിരുന്നത്. അഹമ്മദാബാദിലും സ്പിൻ അനുകൂലമായാൽ പേസർമാർക്ക് അവസരം കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.