അൻഷുൽ കാംബോജ്

പത്തിൽ പത്തും പിഴുത് അൻഷുൽ കാംബോജ്; അപൂർവ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളർ, നേട്ടം കേരളത്തിനെതിരെ

ലാ​ഹ്‌​ലി (ഹ​രി​യാ​ന): രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ഒരിന്നിങ്സിലെ മുഴുവൻ വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറായി ഹരിയാന പേസർ അൻഷുൽ കാംബോജ്. കേരളത്തിനെതിരായ മത്സരത്തിന്റെ മൂന്നാം ദിനമാണ് താരത്തിന്റെ നേട്ടം. 49 റൺസ് മാത്രം വഴങ്ങിയാണ് താരം കേരളത്തിന്റെ ബാറ്റിങ് നിരയെ കൂടാരം കയറ്റിയത്. മൂന്നാം ദിനം എ​ട്ടി​ന് 285 എ​ന്ന നി​ല​യി​ൽ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് ആറ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു.

ആദ്യദിനം ബാബ അപരാജിത് (0), രോഹൻ കുന്നുമ്മൽ (55) എന്നിവരാണ് അൻഷുലിന്റെ തീപ്പന്തിനു മുന്നിൽ വിക്കറ്റ് നഷ്ടമായത്. രണ്ടാം ദിനം അക്ഷയ് ചന്ദ്രൻ (59), ക്യാപ്റ്റൻ സച്ചിൻ ബേബി (52), ജലജ് സക്സേന (4), സൽമാൻ നിസാർ (0), മുഹമ്മദ് അസ്ഹറുദ്ദീൻ (53), എം.ഡി. നിധീഷ് (10) എന്നിവരുടെ വിക്കറ്റ് വീണു. വെള്ളിയാഴ്ച ബേസിൽ തമ്പിയെയും (നാല്), ഷോൺ റോജറിനെയും (42) പുറത്താക്കി അൻഷുൽ പത്ത് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. 19-ാമത്തെ ഇന്നിങ്സിൽ 50 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളെന്ന നാഴികക്കല്ലും താരം പിന്നിട്ടു.

ഇന്നിങ്സിലാകെ 30.1 ഓവറെറിഞ്ഞ താരം ഒമ്പത് ഓവറുകൾ മെയ്ഡനാക്കി. 1.62 ആണ് ഇക്കോണമി. രഞ്ജിയിൽ പ്രേമാങ്സു ചാറ്റർജി (ബംഗാൾ), പ്രദീപ് സുന്ദരം (രാജസ്ഥാൻ) എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ഒരിന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയിട്ടുള്ളത്. ചാറ്റര്‍ജി 1956-57 സീസണില്‍ അസമിനെതിരെ ഇരുപത് റണ്‍സ് വിട്ടുകൊടുത്തും സുന്ദരം 1985-86 സീസണില്‍ വിദര്‍ഭയ്‌ക്കെതിരെ 78 റണ്‍സ് വിട്ടുകൊടുത്തുമാണ് പത്ത് വിക്കറ്റ് വീഴ്ത്തിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ ബൗളര്‍ കൂടിയാണ് കാംബോജ്. പ്രേമാന്‍ഷു ചാറ്റര്‍ജിയും പ്രദീപ് സുന്ദരത്തിനും പുറമെ ദേബാഷിഷ് മൊഹന്തിയും അനില്‍ കുംബ്ലെയും സുഭാഷ് ഗുപ്‌തെയുമാണ് ഈ പട്ടികയിലുള്ള മറ്റുള്ളവര്‍. 1999 ഡല്‍ഹി ടെസ്റ്റില്‍ പാകിസ്താനെതിരെയായിരുന്നു കുംബ്ലെയുടെ പത്ത് വിക്കറ്റ് പ്രകടനം. രഞ്ജിയില്‍ ഒരിന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ കേരളത്തിന്റെ ജലജ് സക്‌സേനയാണ് കാംബോജിന് പിന്നിലുള്ളത്. ഫെബ്രുവരില്‍ ബംഗാളിനെതിരെയായിരുന്നു ജലജിന്റെ പ്രകടനം.

Tags:    
News Summary - Haryana’s Anshul Kamboj becomes 3rd bowler to pick 10 wickets in an innings in Ranji Trophy history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.