കൊളംബോ: അനായാസ ജയം നേടുമെന്ന് തോന്നിപ്പിച്ച മത്സരത്തിലാണ് ശ്രീലങ്കയുടെ സ്പിൻ കെണിയിൽ വീണ് ഇന്ത്യ 32 റൺസിന്‍റെ ദയനീയ തോൽവി വഴങ്ങുന്നത്. നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും മികച്ച അടിത്തറ നൽകിയിട്ടും പിന്നാലെയെത്തിയ പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിര ലങ്കൻ സ്പിൻ ബൗളിങ്ങിനു മുന്നിൽ കറങ്ങി വീഴുകയായിരുന്നു.
സ്പിന്നർമാർ കളംവാണ മത്സരത്തിൽ ജെഫ്രി വാർഡെർസേയുടെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. പരിക്കേറ്റ വാനിന്ദു ഹസരംഗക്കു പകരമാണ് താരം ടീമിലെത്തുന്നത്. കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ലങ്കൻ നായകൻ ചരിത് അസലങ്ക മൂന്നു വിക്കറ്റും നേടി. പതിവുശൈലിയിൽ ബാറ്റുവീശിയ രോഹിത് 44 പന്തിൽ 64 റൺസെടുത്ത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 97ൽ എത്തിയിരുന്നു. 44 പന്തിൽ 35 റൺസെടുത്ത് ഗില്ലും മടങ്ങിയതോടെയാണ് ഇന്ത്യ മത്സരം കൈവിടുന്നത്. 92 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെയാണ് ബാക്കി എട്ടു വിക്കറ്റുകൾ വീണത്.
മത്സരത്തിലെ തോൽവി രോഹിത്തിനെ ഏറെ വേദനിപ്പിച്ചു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ താരം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. സ്ഥിരതയുള്ള ക്രിക്കറ്റ് കളിക്കുന്നതിൽ ടീം പരാജയപ്പെട്ടെന്നും നായകൻ കുറ്റപ്പെടുത്തി. ‘ഒരു മത്സരം പരാജയപ്പെടുന്നത് വല്ലാതെ വേദനിപ്പിക്കും. ആ പത്ത് ഓവർ മാത്രമല്ല, സ്ഥിരതയുള്ള ക്രിക്കറ്റാണ് കളിക്കേണ്ടത്. അതിൽ നമ്മൾ പരാജയപ്പെട്ടു’ -രോഹിത് പറഞ്ഞു.
അൽപം നിരാശയുണ്ട്, പക്ഷേ ഇതെല്ലാം സംഭവിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ടീമിനായി തുടർച്ചയായ രണ്ടാം മത്സരത്തിലും നായക ഇന്നിങ്സ് കാഴ്ചവെച്ചിട്ടും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയാത്തതിന്‍റെ നിരാശ താരത്തിന്‍റെ വാക്കുകളിൽ പ്രകടമാണ്. ആദ്യ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ശ്രീലങ്ക 1-0ത്തിന് മുന്നിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.