കേപ്ടൗൺ: അർഷദീപും ആവേശ് ഖാനും ചേർന്ന് ഒറ്റനാളിൽ എറിഞ്ഞുടച്ച ദക്ഷിണാഫ്രിക്കൻ വീര്യം ഒരിക്കൽകൂടി നിലംപരിശാക്കി ഏകദിന പരമ്പര അതിവേഗം സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഖെബർഹയിലെ സെന്റ് ജോർജ് പാർക്കിൽ ചൊവ്വാഴ്ച വൈകീട്ട് 4.30 മുതലാണ് രണ്ടാം ഏകദിനം. ബൗളിങ്ങിലും ബാറ്റിങ്ങിലും സമഗ്രാധിപത്യവുമായി എതിരാളികളെ നിലംതൊടീക്കാതെയായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യൻ വിജയം. തീപാറും പന്തുകളുമായി വാണ്ടറേഴ്സ് സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ച അർഷദീപ്-ആവേശ് ഖാൻ കൂട്ടുകെട്ടിനു മുന്നിൽ ആതിഥേയർ 116 റൺസ് എന്ന മോശം റെക്കോഡിൽ വീണപ്പോൾ 200 പന്ത് ബാക്കിനിൽക്കെ ഇന്ത്യ ലക്ഷ്യംകാണുകയും ചെയ്തു. കന്നി ഏകദിനത്തിനിറങ്ങിയ സായ് സുദർശനും കൂട്ടുനൽകി ശ്രേയസ് അയ്യരും ചേർന്നായിരുന്നു ചെറിയ സ്കോർ അനായാസം എത്തിപ്പിടിച്ചത്.
സമാനതകളില്ലാത്ത ജയം നൽകിയ മാനസിക മുൻതൂക്കവുമായാണ് സന്ദർശകർ ഇന്നിറങ്ങുന്നത്. കന്നിക്കാരായ രജത് പട്ടീദാർ, റിങ്കു സിങ് എന്നിവരിലൊരാൾക്ക് ആദ്യ ഇലവനിൽ അവസരമൊരുങ്ങുമെന്നതാണ് ഇന്നത്തെ സവിശേഷത. കഴിഞ്ഞ ദിവസം തിളങ്ങിയ ശ്രേയസ് അയ്യർ ടെസ്റ്റ് ടീമിൽ ഇടമുറപ്പിച്ചതോടെയാണ് പകരക്കാരെ വേണ്ടിവരുന്നത്. ഇടംകൈ ബാറ്റിങ്ങുമായി അത്ഭുതം പുറത്തെടുത്ത പ്രകടനമാണ് റിങ്കുവിന്റെ കരുത്തെങ്കിൽ ഒരു വർഷം മുമ്പ് ടീമിലെത്തിയിട്ടും അവസരം തെളിയിക്കാനാകാതെ പോയതാണ് രജത് പട്ടീദാറിന് സാധ്യത നൽകുന്നത്. ഇരുവരും നറുക്കുറപ്പിച്ചാൽ തിലക് വർമ പുറത്താകും. കഴിഞ്ഞ കളിയിൽ സായ് സുദർശൻ ആദ്യമായി ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങി ബാറ്റിങ് വെടിക്കെട്ടുമായി ടീമിന്റെ വലിയ ജയത്തിൽ നിർണായകമായിരുന്നു. മലയാളി താരം സഞ്ജു സാംസൺ സ്പെഷലിസ്റ്റ് ബാറ്ററുടെ റോളിലാണ് ഇറങ്ങുക. കഴിഞ്ഞ കളിയിലും ആദ്യ ഇലവനിലുണ്ടായിരുന്നെങ്കിലും കളി നേരത്തേ തീരുമാനമായതോടെ അവസരം നഷ്ടമാകുകയായിരുന്നു.
ബൗളിങ്ങിൽ അക്സർ പട്ടേൽ, കുൽദീപ് യാദവ് സ്പിൻ ദ്വയത്തിനൊപ്പം മുകേഷ് കൂടിയാകുമ്പോൾ ടീമിന് കരുത്ത് കൂടും. സെന്റ് ജോർജ് പാർക്കിൽ ദക്ഷിണാഫ്രിക്ക ഇതുവരെ 35 ഏകദിനങ്ങൾ കളിച്ചതിൽ 21ഉം ജയിച്ചപ്പോൾ ഇന്ത്യ ആറിൽ ഒരു തവണയാണ് ജയവുമായി മടങ്ങിയത്.
ടീം ഇന്ത്യ: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), സായ് സുദർശൻ, തിലക് വർമ, രജത് പട്ടീദാർ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ, അർഷദീപ് സിങ്, ആവേശ് ഖാൻ, റിങ്കു സിങ്, ആകാശ് ദീപ്, യുസ്വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ.
ദക്ഷിണാഫ്രിക്ക: ഐഡൻ മർക്രം (ക്യാപ്റ്റൻ), ഓട്ട്നീൽ ബാർട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെന്റിക്സ്, ഹെന്റിച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, മിഹ്ലാലി പോങ്വാന, വിയാൻ മുൾഡർ, ആൻഡിലെ പെഹ്ലുക്വായോ, റാസി വാൻ ഡർ ഡസൻ, തബ്രീസ് ഷംസി, ലിസാഡ് വില്യംസ്, കെയ്ൽ വെറെയ്ൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.