ധരംശാല: വെസ്റ്റിൻഡീസിനുപിന്നാലെ ശ്രീലങ്കക്കെതിരെയും ട്വന്റി20 പരമ്പര കരസ്ഥമാക്കി രോഹിത് ശർമയും സംഘവും. രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റ് ജയം നേടിയാണ് ഇന്ത്യ മൂന്നു മത്സര പരമ്പരയിൽ അഭേദ്യമായ 2-0 ലീഡ് നേടിയത്. മൂന്നാം മത്സരം ഞായറാഴ്ച നടക്കും. ആദ്യം ബാറ്റുചെയ്ത ലങ്ക 20 ഓവറിൽ അഞ്ചു വിക്കറ്റിന് 183 റൺസെടുത്തപ്പോൾ ഇന്ത്യ 17 പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി.
തുടർച്ചയായ രണ്ടാം കളിയിലും തിളങ്ങിയ ശ്രേയസ് അയ്യരുടെ (44 പന്തിൽ നാലു സിക്സും ആറു ഫോറുമടക്കം പുറത്താവാതെ 74) മികവിലായിരുന്നു ഇന്ത്യയുടെ വിജയം. മലയാളി താരം സഞ്ജു സാംസണും (25 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 39) രവീന്ദ്ര ജദേജയും (18 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം പുറത്താവാതെ 45) മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ രോഹിത് ശർമ (1), ഇഷാൻ കിഷൻ (16) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
53 പന്തിൽ 75 റൺസടിച്ച ഓപണർ പാതും നിസാങ്കയും 19 പന്തിൽ പുറത്താവാതെ 47 റൺസ് നേടിയ ക്യാപ്റ്റൻ ദാസുൻ ശാനകയുമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്. 14.4 ഓവറിൽ നാലിന് 102 എന്ന നിലയിലായിരുന്ന ലങ്കയെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു. അവസാന അഞ്ചു ഓവറിൽ ലങ്ക 80 റൺസടിച്ചു. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ മാത്രം 23 റൺസ് പിറന്നു. ഇന്ത്യൻ ബൗളർമാരിൽ പന്തെറിഞ്ഞ അഞ്ചു പേരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സൂക്ഷ്മതയോടെ തുടങ്ങിയ ലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ എട്ടോവറിൽ 60 റൺസ് ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.