തിരുവനന്തപുരം: പരമ്പര തൂത്തുവാരാൻ ഇന്ത്യയും ആശ്വാസജയം തേടി ശ്രീലങ്കയും ഞായറാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ മൂന്നാം ഏകദിനത്തിനിറങ്ങും. റണ്ണൊഴുകുന്ന പിച്ചാണ് ഒരുക്കിയതെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും ഇരുടീമുകളും ആശങ്ക പങ്കുവെക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20 മത്സരത്തിനായി ബാറ്റിങ്ങിന് അനുകൂലമായ പിച്ചൊരുക്കിയെന്ന് പറഞ്ഞിരുന്നെങ്കിലും ബൗളിങ്ങിനെ പിന്തുണച്ചതാണ് ആശങ്കക്ക് കാരണം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയതിനാൽ ഞായറാഴ്ചത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല.
ഓപണർ ഇഷാൻ കിഷൻ, വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ്, ഫാസ്റ്റ് ഇടംകൈയൻ ബൗളർ അർഷദീപ് സിങ്, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ എന്നിവർ കളിക്കാനാണ് സാധ്യത. ഇവർ ശനിയാഴ്ച സ്റ്റേഡിയത്തിൽ മണിക്കൂറുകളോളം പരിശീലനത്തിൽ ഏർപ്പെട്ടു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളിച്ച ക്യാപ്റ്റൻ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരും ബൗളർമാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, ഉംറാൻ മാലിക്ക് എന്നിവരും പരിശീലനത്തിനിറങ്ങിയില്ല.
കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന ഇഷാനും സൂര്യകുമാർ യാദവുമാണ് ഏറെ നേരം പരിശീലനത്തിലേർപ്പെട്ടത്. ഇവർക്കൊപ്പം ശുഭ്മാൻ ഗില്ലും ഒരു മണിക്കൂറിലേറെ ബാറ്റ് ചെയ്തു. നെറ്റ് സെഷനിൽ ഗ്രൗണ്ടിന്റെ നാലുപാടും ബോൾ പായിക്കുന്ന തിരക്കിലായിരുന്നു സൂര്യകുമാർ യാദവ്.
രോഹിത് ശർമക്കും മുൻ നായകൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചുള്ള മാറ്റത്തിലേക്ക് ഇന്ത്യ നീങ്ങുമോയെന്നും സംശയമുണ്ട്. ശ്രീലങ്കൻ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല.. ഗുവാഹത്തി മത്സരത്തിൽ പരിക്കേറ്റ ബാറ്റർ പതും നിസങ്ക കളിച്ചേക്കില്ല. ശ്രീലങ്കൻ ടീമും സ്റ്റേഡിയത്തിൽ കഠിന പരിശീലനത്തിൽ ഏർപ്പെട്ടു.
ഉച്ചക്ക് ഒരു മണി മുതൽ നാല് വരെയായിരുന്നു ശ്രീലങ്കയുടെ പരിശീലനം. അവർ ഗ്രൗണ്ട് വിട്ടതിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ ഇറങ്ങിയത്. ഏഴരയോടെ പരിശീലനം അവസാനിപ്പിച്ചു. തുടർന്ന് സർക്കാറിന്റെ ‘സേ നോ ടു ഡ്രഗ്സ്’ കാമ്പയിനിലും താരങ്ങൾ പങ്കാളികളായി. ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ ഡേ ആൻഡ് നൈറ്റായാണ് മത്സരം. എന്നാൽ കാണികൾ എത്തുന്ന കാര്യത്തിൽ സംഘാടകർക്ക് ആശങ്കയുണ്ട്. ടിക്കറ്റ് വിൽപന കാര്യമായി നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.