കൊളംബോ: ശ്രീലങ്കക്കെതിരെ പരമ്പര സ്വന്തമാക്കി കഴിഞ്ഞതിനാൽ രാഹുൽ ദ്രാവിഡ് പരീക്ഷണത്തിന് വിട്ടുകൊടുത്ത മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഉയർത്തിയ 226 റൺസിെൻറ വെല്ലുവിളി പിന്തുടർന്ന ശ്രീലങ്ക 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
അവിഷ്ക ഫെർണാണ്ടോ (76), ഭാനുക രാജപക്സെ (65) ചരിത് അസലൻക (24) എന്നിവരാണ് ലങ്കക്ക് ജയമൊരുക്കിയത്. നാലിന് 194 എന്ന ശക്തമായ നിലയിൽ നിന്ന് ലങ്കയെ സമ്മർദത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്കായി. ഇന്ത്യക്കായി രാഹുൽ ചഹർ മൂന്ന് വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരൻ ചേതൻ സകരിയ രണ്ടുവിക്കറ്റ് വീഴ്ത്തി. മറ്റൊരു അരങ്ങേറ്റക്കാരൻ കൃഷ്ണപ്പ ഗൗതം കന്നി ഏകദിന വിക്കറ്റ് വീഴ്ത്തി.
അഞ്ച് താരങ്ങൾ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച് ചരിത്രം തിരുത്തിയാണ് ഇന്ത്യ മൂന്നാമങ്കത്തിനിറങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ, ചേതൻ സകരിയ, കൃഷ്ണപ്പ ഗൗതം, നിതിഷ് റാണ, രാഹുൽ ചഹാർ എന്നിവരെയാണ് രാഹുൽ പരീക്ഷണത്തിനിറക്കിയത്.
ആദ്യാവസരം സഞ്ജു സാംസൺ മോശമാക്കിയില്ല. 46 പന്തിൽ 46 റൺസെടുത്തായിരുന്നു മൂന്നാമനായിറങ്ങിയ സഞ്ജു പുറത്തായത്. പൃഥ്വി ഷാ (49), സൂര്യകുമാർ യാദവ് (40) എന്നിവർ മാത്രമാണ് മികച്ച സ്കോർ കണ്ടെത്തിയത്. ഹർദിക് പാണ്ഡ്യ 17 പന്തിൽ 19 റൺസെടുത്തെങ്കിലും ഫോമിലേക്കുയരാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.