ഇന്ത്യൻ താരം ചികിത്സക്കായി ലണ്ടനിൽ; അഞ്ചാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയം

ഇന്ത്യൻ സൂപ്പർതാരം കെ.എൽ. രാഹുൽ പരിക്കുമാറി ടീമിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. വിദഗ്ധ പരിശോധനക്കായി താരം ലണ്ടനിലേക്ക് പോയിരിക്കുകയാണ്. ഇതോടെ ധരംശാലയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.

ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനുശേഷമാണ് താരത്തെ പരിക്ക് അലട്ടാൻ തുടങ്ങിയത്. തുടർന്ന് വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ താരത്തെ കളിപ്പിച്ചില്ല. ഇതിനിടെ 90 ശതമാനം ഫിറ്റ്നസ് താരം വീണ്ടെടുത്തതായി റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ മൂന്ന്, നാല് ടെസ്റ്റുകളിലും താരത്തിന് കളിക്കാനായില്ല. ധരംശാലയില്‍ മാര്‍ച്ച് ഏഴിന് അഞ്ചാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് താരം വിദഗ്ധ പരിശോധനക്കായി ലണ്ടനിലേക്ക് പോയത്.

കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടന്ന കാലില്‍ തന്നെയാണ് ഇപ്പോഴും പരിക്ക് അലട്ടുന്നത്. ഇന്ത്യ ഇതിനകം പരമ്പര 3-1ന് സ്വന്തമാക്കിയതിനാൽ താരത്തെ തിരക്കിട്ട് കളിപ്പിക്കേണ്ടതില്ലെന്നും ട്വന്‍റി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് പരിക്കിൽനിന്ന് മോചിതനാകാൻ കൂടുതൽ സമയം അനുവദിക്കാനുമാണ് സെലക്ടർമാരുടെ തീരുമാനം. ടെസ്റ്റിൽ ബാസ്ബാൾ നടപ്പാക്കിയശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പരമ്പര തോൽക്കുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിൽ ഇംഗ്ലണ്ട് ലജ്ജിക്കേണ്ടതില്ലെന്നാണ് മുൻ ഇംഗ്ലീഷ് നായകൻ നാസർ ഹുസൈൻ പ്രതികരിച്ചത്. രോഹിത് ശർമയും സംഘവും അർഹിച്ച വിജയമാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. റാഞ്ചിയിൽ അഞ്ചു വിക്കറ്റിന്‍റെ ജയവുമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

Tags:    
News Summary - India Star Sent To London For Treatment, Doubtful For 5th Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.