മെൽബൺ: ഇന്ത്യ-ആസ്ട്രേലിയ ഒന്നാം ടെസ്റ്റ് വേദിയായ അഡ്ലെയ്ഡിലെ കോവിഡ് വ്യാപനം മത്സരത്തെ ബാധിക്കില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ.മുൻനിശ്ചയിച്ച പ്രകാരംതന്നെ കളി നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അഡ്ലെയ്ഡിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുകയും, ഷെഫീൽഡ് ഷീൽഡ് ട്രോഫിയിൽ കളിച്ച ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ, മാത്യു വെയ്ഡ്, കാമറൂൺ ഗ്രീൻ, ആഷ്ടൺ ആഗർ തുടങ്ങിയ താരങ്ങളോട് ഐസൊലേഷനിലേക്കു മാറാൻ നിർദേശിക്കുകയും ചെയ്തതോടെയാണ് ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ആശങ്ക പരന്നത്.
അഡ്ലെയ്ഡ് ഉൾപ്പെടുന്ന സൗത്ത് ആസ്ട്രേലിയയിൽ 21 കോവിഡ് കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറെയും അഡ്ലെയ്ഡിലാണ്. സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോൾ കർശനമാക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു. അയൽസംസ്ഥാനങ്ങൾ സൗത്ത് ആസ്ട്രേലിയയുമായുള്ള അതിർത്തി അടച്ചതോടെ, ആസ്ട്രേലിയൻ ടീമംഗങ്ങളെ സിഡ്നിയിലേക്കു മാറ്റി. അഞ്ചു ദിവസം മുമ്പ് ആസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം സിഡ്നിയിൽ 14 ദിവസത്തെ ക്വാറൻറീനിലാണ്.
സാഹചര്യങ്ങൾ എളുപ്പത്തിൽ നിയന്ത്രണ വിധേയമാവുമെന്നും ക്രിക്കറ്റ് പരമ്പരയെ ബാധിക്കില്ലെന്നും ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി.
ഡിസംബർ 17നാണ് രാത്രിയും പകലുമായി നടക്കുന്ന അഡ്ലെയ്ഡ് ടെസ്റ്റിന് തുടക്കമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.