അവസാന കളി ജയിച്ച് പരമ്പര പിടിക്കാൻ ഇന്ത്യ

ബ്രിഡ്ജ്ടൗൺ: ക്യാപ്റ്റനുൾപ്പെടെ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര പിടിക്കാനിറങ്ങിയ ടീം ഇന്ത്യക്ക് പാളി. ശനിയാഴ്ച രണ്ടാം മത്സരത്തിൽ ഹാർദിക് പാണ്ഡ്യയും സംഘവും ഏറ്റുവാങ്ങിയത് ദയനീയ തോൽവി. ആറ് വിക്കറ്റിനായിരുന്നു വിൻഡീസിന്റെ ജയം. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 സമനിലയിൽ എത്തിക്കാൻ ആതിഥേയർക്ക് കഴിഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന അവസാന കളിയിൽ ജയിക്കുന്നവർക്ക് കിരീടം സ്വന്തമാക്കാം.

ഇന്ത്യ കുറിച്ച 182 റൺസ് ലക്ഷ്യത്തിലേക്ക് 36.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ എത്തി വിൻഡീസ്. 91 റൺസിൽ നാലാം വിക്കറ്റും വീണ് പ്രതിസന്ധിയിലായ ടീമിനെ അത്രയും റൺസിന്റെ അപരാജിത കൂട്ടുകെട്ടുയർത്തി ക്യാപ്റ്റൻ ഷായ് ഹോപും (80 പന്തിൽ 63 നോട്ടൗട്ട്) കീസി കാർറ്റിയും (65 പന്തിൽ 48 നോട്ടൗട്ട്) ജയത്തിലേക്ക് നയിച്ചു. ആദ്യ മൂന്ന് വിക്കറ്റും വീഴ്ത്തി പേസർ ശാർദുൽ ഠാകുർ ഇന്ത്യക്ക് പ്രതീക്ഷ നൽകിയിരുന്നു. രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും പകരം ഇന്ത്യ പരീക്ഷിച്ചത് സഞ്ജു സാംസണെയും അക്സർ പട്ടേലിനെയുമാണ്. സന്ദർശകർ വിൻഡീസ് ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ തകർന്നടിയുകയായിരുന്നു.

ബാറ്റർമാർ വിക്കറ്റുകൾ അനായാസം നഷ്ടപ്പെടുത്തിയതിലും ഉദ്ദേശിച്ച ഗെയിം പ്ലാൻ പാലിക്കുന്നതിൽ പരാജയപ്പെട്ടതിലും ക്യാപ്റ്റൻ പാണ്ഡ്യ നിരാശ പ്രകടിപ്പിച്ചു. ‘ഞങ്ങൾ വിചാരിച്ച രീതിയിൽ ബാറ്റ് ചെയ്തില്ല. ഒന്നാം ഏകദിനത്തേക്കാൾ മികച്ച വിക്കറ്റായിരുന്നു.

ശുഭ്മൻ ഗിൽ ഒഴികെയുള്ള എല്ലാവരും ഫീൽഡർമാരുടെ കൈയിലേക്ക് പന്ത് അടിച്ചുകൊടുത്താണ് പുറത്തായത്. നിരാശാജനകമാണ്, പക്ഷേ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഞങ്ങളുടെ ഓപണർമാർ, പ്രത്യേകിച്ച് ഇശാൻ കിഷൻ, നന്നായി ബാറ്റ് ചെയ്തു. അത് നല്ലതാണ്. ശാർദൂൽ ബൗളിങ്ങിലൂടെ ഞങ്ങളെ തിരിച്ചുകൊണ്ടുവന്നു. ഷായ് ഹോപ്പിന്‍റെയും കീസി കാർറ്റിയുടെയും ബാറ്റിങ്ങാണ് ആതിഥേയരെ ലക്ഷ്യത്തിലെത്തിച്ചത്’ -അദ്ദേഹം പ്രതികരിച്ചു.


Tags:    
News Summary - India to win the last game and clinch the series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.