ബംഗളൂരു: സൂപ്പർ ഓവറിൽനിന്ന് സൂപ്പർ ഓവറിലേക്ക് പോയ ആവേശകരമായ മൂന്നാം ട്വന്‍റി20യിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മത്സരം സമനിലയായതോടെയാണ് വിധി നിർണയിക്കാൻ സൂപ്പർ ഓവറിലെത്തിയത്. ഒന്നാം സൂപ്പർ ഓവറിലും സമനില പാലിച്ചതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. ആദ്യ സൂപ്പർ ഓവറിൽ ഇന്ത്യക്കായി മുകേഷ് കുമാറാണ് പന്തെറിയാനെത്തിയത്. അഫ്ഗാനുവേണ്ടി ഗുൽബാദിൻ നായിബും റഹ്മാനുല്ല ഗുർബാസും ഓപ്പൺ ചെയ്തു. ആദ്യ പന്തിൽ ഡബ്ൾ ഓടാനുള്ള ശ്രമത്തിനിടെ നായിബ് റണ്ണൗട്ട്. ഒരു ബൗണ്ടറിയും സിക്സും ഉൾപ്പെടെ അഫ്ഗാൻ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ്. ഇന്ത്യക്ക് ആറു പന്തിൽ ജയിക്കാൻ 17 റൺസ്.
അഫ്ഗാനുവേണ്ട് പന്തെറിയാനെത്തിയത് അസ്മത്തുല്ല ഉമർസായ്. ക്രീസിൽ യശസ്വി ജയ്സ്വാളും രോഹിത് ശർമയും. രണ്ടു സിക്സ് ഉൾപ്പെടെ ഇന്ത്യ ആ ഓവറിൽ നേടിയതും 16 റൺസ്, വീണ്ടും സമനില. വിധി നിർണയിക്കാൻ വീണ്ടും സൂപ്പർ ഓവർ. ഇത്തവണ ഇന്ത്യക്കായി ക്രിസിൽ രോഹിത്തിനൊപ്പം റിങ്കു സിങ്. ബൗളറായി ഖായിസ് അഹ്മദ്. ആദ്യ പന്ത് രോഹിത് സിക്സ് പറത്തി. രണ്ടാം പന്ത് ബൗണ്ടറി. നാലാം പന്തിൽ റിങ്കുവും അഞ്ചാം പന്തിൽ രോഹിതും റണ്ണൗട്ടായതോടെ അഫ്ഗാന് ജയിക്കാൻ ആറു പന്തിൽ 12 റൺസ്.
ഇന്ത്യക്കായി പന്തെറിയാനെത്തിയത് രവി ബിഷ്ണോയ്. റഹ്മാനുല്ല ഗുർബാസും മുഹമ്മദ് നബിയും ക്രീസിൽ. ആദ്യ പന്തിൽ സ്ട്രൈറ്റ് ഷോട്ടിൽ നബി റിങ്കുവിന്‍റെ കൈയിൽ. രണ്ടാമനായി കരീം ജനത് ക്രീസിലെത്തി. മൂന്നാം പന്തിൽ ഗുർബ്ബാസും പുറത്ത്. ഒടുവിൽ ഇന്ത്യക്ക് വിജയം. ഗുൽബദീൻ നായിബിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് അഫ്ഗാനെ സൂപ്പർ ഓവറിലെത്തിച്ചത്. താരം 23 പന്തിൽ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. മുകേഷ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 19 റൺസാണ് വേണ്ടിയിരുന്നത്. 18 റൺസ് നേടി ഒപ്പമെത്തി. അഫ്ഗാന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് 11 ഓവറിൽ 93 റൺസാണ് ഒന്നാം വിക്കറ്റിൽ അടിച്ചെടുത്തത്. 32 പന്തിൽ 50 റൺസെടുത്ത ഗുർബാസിനെ കുൽദീപ് പുറത്താക്കി. പിന്നാലെ 41 പന്തിൽ 50 റൺസെടുത്ത് സദ്രാനും പുറത്തായി. വാഷിങ്ടൺ സുന്ദറിനായിരുന്നു വിക്കറ്റ്. അസ്മത്തുല്ല ഉയമർസായി (പൂജ്യം), മുഹമ്മദ് നബി (16 പന്തിൽ 34), കരീം ജനത് (രണ്ടു പന്തിൽ രണ്ട്), നജീബുല്ല സദ്രാൻ (മൂന്നു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ താരങ്ങൾ. അഞ്ചു റൺസുമായി ഷറഫുദ്ദീൻ അഷ്റഫും പുറത്താകാതെ നിന്നു.
ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നായകൻ രോഹിത് ശർമയുടെയും റിങ്കു സിങ്ങുവിന്‍റെയും തകർപ്പൻ ബാറ്റിങ്ങിന്‍റെ കരുത്തിലാണ് ഇന്ത്യ 212 റൺസെടുത്തത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പുറത്താകാതെ നേടിയ 190 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ രോഹിത്താണ് സെഞ്ച്വറിയുമായി തിളങ്ങിയത്. 69 പന്തിൽ 121 റൺസെടുത്തു. എട്ടു സിക്സും 11 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ട്വന്‍റി20യിൽ രോഹിത്തിന്‍റെ അഞ്ചാം സെഞ്ച്വറിയാണിത്. റിങ്കു 39 പന്തിൽ 69 റൺസെടുത്തു. ആറു സിക്സും രണ്ടു ഫോറും. കരീം ജനത്ത് എറിഞ്ഞ 20ാം ഓവറിൽ ഇരുവരും ചേർന്ന് അഞ്ച് സിക്സ് ഉൾപ്പെടെ 36 റൺസാണ് അടിച്ചെടുത്തത്. നേരത്തെ, ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. നായകന്‍റെ തീരുമാനം തെറ്റായിപോയെന്ന് തോന്നിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം.
ഓപ്പണർ യശസ്വി ജയ്സ്വാൾ (ആറു പന്തിൽ നാല് റൺസ്), വിരാട് കോഹ്ലി (പൂജ്യം), ശിവം ദുബെ (ആറു പന്തിൽ ഒന്ന്), സഞ്ജു സാംസൺ (പൂജ്യം) എന്നിവരെല്ലാം അലക്ഷ്യമായ ഷോട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ 4.3 ഓവറിൽ നാലു വിക്കറ്റിന് 22 റൺസെന്ന നിലയിലേക്ക് ഇന്ത്യ തകർന്നു. എന്നാൽ, രോഹിത്തും റിങ്കുവും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഫരീദ് അഹ്മദിന്‍റെ പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ചാണ് ജയ്സ്വാൾ പുറത്തായത്.
മുഹമ്മദ് നബിക്ക് ക്യാച്ച് നൽകുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്. അഹ്മദിന്‍റെ പന്തിൽ ഇബ്രാഹിം സദ്രാന്‍റെ കൈകളിലെത്തുകയായിരുന്നു. ട്വന്‍റി20യിൽ ആദ്യമായാണ് താരം ഗോൾഡൻ ഡക്കാകുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അർധ സെഞ്ച്വറി നേടി ടീമിന്‍റെ വിജയശിൽപിയായ ശിവം ദുബെ ഒരു റണ്ണുമായി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണും ആരാധകരെ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ താരവും പുറത്ത്. ഫരിദിനായിരുന്നു വിക്കറ്റ്.
അഫ്ഗാനുവേണ്ടി ഫരീദ് അഹ്മദ് മൂന്നു വിക്കറ്റ് നേടി. അസ്മത്തുല്ല ഉമർസായി ഒരുവിക്കറ്റും വീഴ്ത്തി.
കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.