കറക്കി വീഴ്ത്തി രവീന്ദ്ര ജദേജയും അശ്വിനും; ആസ്ട്രേലിയ 177ന് പുറത്ത്

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയപ്പോൾ ആസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 177 റൺസിന് പുറത്ത്. പരിക്കിൽനിന്ന് മോചിതനായി ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജദേജ അഞ്ചും രവിചന്ദ്രൻ അശ്വിൻ മൂന്നും വിക്കറ്റ് വീതം നേടി സന്ദർശകരെ വരിഞ്ഞുമുറുക്കി.

സ്കോർ: 63.5 ഓവറിൽ ആസ്ട്രേലിയ 177 റൺസിന് പുറത്ത്. ഡേവിഡ് വാർണറെയും ഉസ്മാൻ ഖ്വാജയെയും വേഗത്തിൽ മടക്കി മുഹമ്മദ് ഷമിയും സിറാജും നൽകിയ തുടക്കം ജദേജയും അശ്വിനും ഏറ്റെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ആറു ഓവറിൽ 27 റൺസെടുത്തിട്ടുണ്ട്. 26 റൺസുമായി രോഹിത് ശർമയും ഒരു റണ്ണുമായി കെ.എൽ. രാഹുലുമാണ് ക്രീസിൽ.

123 പന്തിൽ 49 റൺസെടുത്ത മാർനസ് ലബൂഷെയ്നെയാണ് സന്ദർശക നിരയിലെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് 37 റൺസെടുത്തു. ഇരുവരെയും മടക്കി ജദേജയാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് നൽകിയത്. രണ്ടു വിക്കറ്റിന് 84 റൺസ് എന്ന മാന്യമായ ടോട്ടലിൽ നിൽക്കെയാണ് 36ാം ഓവർ എറിയാനെത്തിയ ജദേജ ഗിയർ മാറ്റിപ്പിടിച്ചത്. ജഡേജയുടെ പന്തിൽ കന്നിക്കാരനായ ഭരത് ഓസീസ് ഹിറ്ററെ സ്റ്റംപ് ചെയ്യുകയായിരുന്നു.

തൊട്ടുപിറകെ റെൻഷായെ (പൂജ്യം) ജദേജ വിക്കറ്റിന് പിന്നിൽ കുടുക്കി. അതോടെ, ബാക് ഫൂട്ടിലായ ആസ്ട്രേലിയൻ ബാറ്റിങ് കൂടുതൽ ഇഴയുന്നതിനിടെയാണ് സ്മിത്തും കൂടാരം കയറുന്നത്. ജഡേജയുടെ പന്തിൽ സ്മിത്ത് ബൗൾഡാകുകയായിരുന്നു. ഓസീസ് നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കടന്നത്.

പീറ്റർ ഹാൻഡ്സ്കോമ്പ് (31), അലക്സ് കാരി (36), പാറ്റ് കമ്മിൻസ് (ആറ്), ടോഡ് മർഫി (പൂജ്യം), സ്കോട്ട് ബോളൻഡ് (ഒന്ന്) എന്നിവരാണ് പുറത്തായി മറ്റു താരങ്ങൾ. നഥാൻ ലിയോൺ റൺസൊന്നും എടുക്കാതെ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വെടിക്കെട്ട് ബാറ്റ്സ്മാൻ സൂര്യകുമാർ യാദവും ശ്രീകാർ ഭരതും ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങുന്ന കളിയിൽ ജയം പിടിക്കുകയാണ് ഇന്ത്യൻ ലക്ഷ്യം.

ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ശ്രീകാർ ഭരത്, രവീന്ദ്ര ജഡേഷ, ആർ. അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Tags:    
News Summary - India vs Australia, 1st Test: Ravindra Jadeja Takes 5 As India Bowl Out Australia For 177

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.