സിഡ്നി: 62 പന്തിൽ സ്റ്റീവൻ സ്മിത്തിൻെറ സെഞ്ച്വറി, മികച്ച തുടക്കവുമായി ഡേവിഡ് വാർണറും ആരോൺഫിഞ്ചും, െഗ്ലൻ മാക്സ്വെല്ലിൻെറ കിടിലൻ ഫിനിഷിങ്, തല്ലുവാങ്ങിക്കുഴങ്ങിയ ഇന്ത്യൻ ബൗളർമാർ... എല്ലാം ആദ്യമത്സരത്തിൻെറ ആവർത്തനമായിരുന്നു. ആസ്ട്രേലിയ ഉയർത്തിയ 389 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 51 റൺസകലെ കീഴടങ്ങി. ഫലത്തിൽ ഒരു മത്സരം ശേഷിക്കേ മൂന്നുമത്സര ഏകദിന പരമ്പര ആസ്ട്രേലിയ സ്വന്തമാക്കി.
ഹിമാലയം കണക്കേ മുന്നിലുയർന്ന റൺമല കയറാനായി തുനിഞ്ഞ ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലി 89ഉം കെ.എൽ രാഹുൽ 76ഉം റൺസെടുത്തു. ഓപ്പണർമാരായ മായങ്ക് അഗർവാളും (28), ശിഖർ ധവാനും (30) നന്നായിത്തുടങ്ങിയെങ്കിലും ദീർഘനേരം ക്രീസിൽ നിൽക്കാനായില്ല. തുടർന്നെത്തിയ കോഹ്ലി നായകനൊത്ത പ്രകടനവുമായി മുന്നേറുന്നതിനിടയിൽ ജേസ് ഹേസൽവുഡിൻെറ പന്തിൽ മോയ്സസ് ഹെൻറിക്വസ് അതിഗംഭീരമായി മിഡ്വിക്കറ്റിൽ പിടികൂടുകയായിരുന്നു. ഫീൽഡിങ്ങിൽ മികച്ച പ്രകടനമാണ് കംഗാരുക്കൾ പുറത്തെടുത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനായി ഓപ്പണർമാർ നൽകിയ അടിത്തറയിൽ സ്മിത്ത് അടിച്ചുതകർക്കുകയായിരുന്നു. പന്തിൻെറ ഗതിനോക്കി റൺസൊഴുക്കിയ സ്മിത്തിൻെറ ബാറ്റിൽ നിന്ന് 14 ബൗണ്ടറികളും രണ്ട് സിക്സറുകളു പറന്നു. 61പന്തിൽ 70 റൺസുമായി മാർകസ് ലാബുഷെയ്ൻ മികച്ച പിന്തുണനൽകി. അവസാന ഓവറുകളിൽ തിമിർത്തടിച്ച മാക്സ്വെല്ലൊണ് (29 പന്തിൽ 63) ഓസീസിനെ പടുകൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി പന്തെടുത്തവരിൽ എല്ലാവരും നന്നായി തല്ലുവഴങ്ങി. നവദീപ് സെയ്നി ഏഴ് ഓവറിൽ 70ഉം ജസ്പ്രീത് ബുംറ പത്ത് ഓവറിൽ 79ഉം മുഹമ്മദ് ഷമി ഒൻപത് ഓവറിൽ 73ഉം വഴങ്ങി.
പരമ്പരയിലെ അവസാന മത്സരം ആസ്ട്രേലിയൻ തലസ്ഥാനമായ ക്യാൻബറയിൽ നടക്കും. ഈ വർഷമാദ്യം ന്യൂസിലാൻഡിനോട് 3-0ത്തിന് തോറ്റ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ഏകദിന പരാജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.