വിക്കറ്റുവീഴാതെ അർധ സെഞ്ച്വറി കടന്ന സന്ദർശകരെ ഞെട്ടിച്ച് തുടർച്ചയായ വിക്കറ്റുകളുമായി അശ്വിനും ഷമിയും. ഒറ്റ വിക്കറ്റും നഷ്ടമാകാതെ 56 റൺസ് എന്ന മാന്യമായ സ്കോറിൽനിന്ന ആസ്ട്രേലിയയെ ഞെട്ടിച്ച് അടുത്ത 19 റൺസിനിടെ രണ്ടു വിലപ്പെട്ട വിക്കറ്റുകളാണ് വീണത്. അശ്വിൻ തുടക്കമിട്ടത് മുഹമ്മദ് ഷമി ഏറ്റെടുക്കുകയായിരുന്നു.
ഏകദിന ശൈലിയിൽ ബാറ്റുവീശിയ ട്രാവിസ് ഹെഡ് ആണ് ആദ്യം മടങ്ങിയത്. 44 പന്തിൽ ഏഴു ബൗണ്ടറിയടക്കം 32 റൺസ് എടുത്ത ഹെഡിനെ അശ്വിൻ ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു. കൂടെ ഇറങ്ങിയ ഉസ്മാൻ ഖ്വജ അത്രയും റൺസുമായി ബാറ്റിങ് തുടരുകയാണ്. വൺഡൗണായി എത്തിയ ബിഗ് ഹിറ്റർ മാർനസ് ലബൂഷെയ്നിനെയാണ് ഷമി വീഴ്ത്തിയത്. ഖ്വാജക്കൊപ്പം സ്റ്റീവ് സ്മിത്താണ് ക്രീസിൽ. 27 റൺസ് പൂർത്തിയായപ്പോൾ രണ്ടു വിക്കറ്റിന് 81 റൺസാണ് ഓസീസ് സമ്പാദ്യം.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി രോഹിത്, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, ശ്രികർ ഭരത്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ ഇറങ്ങുമ്പോൾ സിറാജിനു പകരം ഷമിക്കാണ് നറുക്കുലഭിച്ചത്.
ആസ്ട്രേലിയക്കായി ട്രാവിസ് ഹെഡ്, ഉസ്മാൻ ഖ്വാജ, മാർനസ് ലബൂഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, പീറ്റർ ഹാൻഡ്സ്കോംബ്, കാമറൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ, ടോഡ് മർഫി, മാത്യു കുനെമൻ എന്നിവരും ഇറങ്ങുന്നു.
കളിയും പരമ്പരയും പിടിച്ച് തുടർച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യൻ ലക്ഷ്യം. എന്നാൽ, ഇതിനകം ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞവരാണ് കംഗാരുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.