ബോർഡർ ഗവാസ്കർ ബോക്സിങ് ഡേ ടെസ്റ്റിൽ രണ്ടാം ദിനവും ആസ്ട്രേലിയക്ക് മുൻതൂക്കം. യശ്വസ്വി ജയ്സ്വാൾ-വിരാട് കോഹ്ലി എന്നിവരുടെ സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യക്ക് ആശ്വാസം നൽകിയെങ്കിലും അവസാന ഓവറുകളിൽ ആസ്ട്രേലിയ ശക്തമായി തിരിച്ചുവന്നു. ഒരു ഘട്ടം 153/2 എന്ന നിലയിൽ നിന്ന ഇന്ത്യ ദിവസം അവസാനിക്കുമ്പോൾ 164 /5 എന്ന നിലയിലാണ്.
82 റൺസ് നേടി തകർത്ത് കളിച്ചുകൊണ്ടിരുന്ന ജയ്സ്വാളിന്‍റെ റണ്ണൗട്ടണ് ഇന്ത്യയുടെ താളം ഇല്ലാതാക്കിയത്. അനാവശ്യമായ റണ്ണിന് ശ്രമിച്ച ജയ്സ്വാൾ നോൺ സ്ട്രൈക്കിലുണ്ടായിരുന്നു വിരാടുമായി ആശയകുഴപ്പത്തിലായി റണ്ണൗട്ടാകുകയായിരുന്നു. 11 ഫോറും ഒരു കൂറ്റൻ സിക്സറുമടങ്ങിയതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്. ഒരു റൺസ് കൂടി ചേർത്ത് 36 റൺസുമായി വിരാട് കോഹ്ലി സ്കോട്ട് ബോളണ്ടിന് വിക്കറ്റ് നൽകി മടങ്ങി. ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തിൽ വിരാട് വീണ്ടും ബാറ്റ് വെക്കുകയായിരുന്നു. നൈറ്റ് വാച്ച്മാനായാത്തെിയ ആകാശ് ദീപ് റണ്ണൊന്നുമെടുക്കാതെ മടങ്ങി. ബോളണ്ടിന് തന്നെയായിരുന്നു വിക്കറ്റ്. ആറ് റൺസുമായി ഋഷഭ് പന്തും നാല് റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ആസ്ട്രേലിയക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. കെ.എൽ. രാഹുൽ 24 റൺസ് നേടി മടങ്ങിയപ്പോൽ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പരാജയമായി. വെറും മൂന്ന് റൺസ് നേടി രോഹിത് ശർമ കമ്മിൻസിന്‍റെ പന്തിൽ ബോളണ്ടിന് ക്യാച്ച് നൽകി മടങ്ങി.
നേരത്തെ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 34-ാം സെഞ്ച്വറി കണ്ടെത്തിയപ്പോൾ ആസ്ട്രേലിയ 474 എന്ന കൂറ്റൻ സ്കോറിലെത്തി. അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് (60), ഉസ്മാൻ ഖവാജ (57), മാർനസ് ലബൂഷെയ്ൻ (72) എന്നിവർ അർധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.