ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ സ്മീവ് സ്മിത്ത് കാണികളെ അഭിവാദ്യം ചെയ്യുന്നു

സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി, ബുംറക്ക് നാല് വിക്കറ്റ്; ആസ്‌ട്രേലിയ 474ന് പുറത്ത്

മെല്‍ബണ്‍: ബോര്‍ഡര്‍ -ഗവാസ്‌കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് വമ്പന്‍ സ്‌കോര്‍. രണ്ടാം ദിനവും വീറോടെ പൊരുതിയ ഓസീസ് ബാറ്റര്‍മാര്‍ 474 റണ്‍സിലാണ് ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആഥിതേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി.

രണ്ടാം ദിനം ആറിന് 311 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ്, രണ്ടാം ദിവസവും വീറോടെ പൊരുതി. ആദ്യ ദിനം 68 റണ്‍സ് നേടിയ സ്മിത്ത്, 72 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് സ്മിത്തിന് ഉറച്ച പിന്തുണയുമായി പൊരുതിയപ്പോള്‍, രണ്ടാംദിനം ഓസീസ് ഇന്നിങ്‌സില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. 63 റണ്‍സ് നേരിട്ട കമിന്‍സ് (49) അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വീണു. രവീന്ദ്ര ജദേജയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി പിടിച്ചാണ് താരം പുറത്തായത്.

പിന്നാലെയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് 15 റണ്‍സ് നേടി പുറത്തായി. ജദേജക്കു തന്നെയാണ് ഇത്തവണയും വിക്കറ്റ്. സ്‌കോര്‍ 455ല്‍ നില്‍ക്കേ ആകാശ് ദീപിന്റെ പന്തില്‍ സ്മിത്ത്് ക്ലീന്‍ ബൗള്‍ഡായി. 197 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 140 റണ്‍സാണ് താരം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്മിത്ത് ടെസ്റ്റ് കരിയറിലെ 34-ാം ശതകമാണ് മെല്‍ബണില്‍ കുറിച്ചത്.

13 റണ്‍സ് നേടിയ നേഥന്‍ ലിയോണിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ഓസീസ് ഇന്നിങ്‌സിന് തിരശീല വീണു. സ്‌കോട്ട് ബോളണ്ട് (ആറ്*) പുറത്താകാതെനിന്നു. ബുംറ നാല് വിക്കറ്റ് പിഴുതപ്പോള്‍, ജദേജ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ആകാശ് ദീപ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും പിഴുതു. 23 ഓവറില്‍ 122 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിന് വിക്കറ്റ് നേടാനായില്ല.

നേരത്തെ, ടോസ് നേടി ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖ്വാജയും മികച്ച തുടക്കം നല്‍കി. കോണ്‍സ്റ്റാസ് അര്‍ധ സെഞ്ച്വറി നേടി അരങ്ങേറ്റ മത്സരം ഗംഭീരമാക്കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 65 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമടക്കം 60 റണ്‍സെടുത്ത താരത്തെ രവീന്ദ്ര ജദേജ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ലബുഷെയ്‌നെ കൂട്ടുപിടിച്ച് ഖ്വാജ ടീം സ്‌കോര്‍ 150 കടത്തി. തൊട്ടുപിന്നാലെ ഖ്വാജയെ ബുംറ രാഹുലിന്റെ കൈകളിലെത്തിച്ചു. ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഓസീസ് 200 കടന്നു. ഇതിനിടെ ലബുഷെയ്ന്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 114 പന്തിലാണ് താരം 50ലെത്തിയത്. ലബുഷെയ്‌നെ വാഷിങ് ടണ്‍ സുന്ദര്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു.

ഇന്ത്യക്ക് എന്നും തലവേനദയാകുന്ന ട്രാവിസ് ഹെഡ്ഡിനെ ബുംറ പൂജ്യത്തിന് ബൗള്‍ഡാക്കി. ഏഴു പന്തുകള്‍ നേരിട്ടാണ് താരം മടങ്ങിയത്. നാലു റണ്‍സെടുത്ത മാര്‍ഷിന് ബുംറ പന്തിന്റെ കൈകളിലെത്തിച്ചു. 41 പന്തില്‍ 31 റണ്‍സെടുത്ത അലക്‌സ് കാരിയെ അകാശ് ദീപ് പുറത്താക്കി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനു പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തി. കെ.എല്‍. രാഹുലിനു പകരം നായകന്‍ രോഹിത് ശര്‍മ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. രാഹുല്‍ മൂന്നാം നമ്പറിലേക്ക് മാറും. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് കളിക്കുന്നത്. നതാന്‍ മക്സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തി.

കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാലാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങിയത്. ആദ്യ ടെസ്റ്റ് ഇന്ത്യയും രണ്ടാമത്തേത് ഓസീസും നേടി. മൂന്നാം മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ 1-1 എന്ന നിലയിലാണ് പരമ്പരയിപ്പോള്‍. രോഹിത്തിന്റെയും വിരാട് കോഹ്ലിയുടെയും മോശം ഫോമാണ് ഇന്ത്യയെ വലക്കുന്നത്. ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ കോഹ്ലി താളംകണ്ടെത്താനാവാതെ പതറുകയാണ്. ബാറ്റിങ്ങിലെ മറ്റൊരു പ്രതീക്ഷയായ ഋഷഭ് പന്തിന് പരമ്പരയില്‍ ഇതുവരെ ഒരു അര്‍ധശതകം പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.

ബോക്‌സിങ് ഡേയില്‍ ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ അഞ്ചിലും തോറ്റതാണ് ചരിത്രം. രണ്ടെണ്ണത്തില്‍ ജയിക്കുകയും അത്രയെണ്ണം സമനിലയില്‍ പിരിയുകയും ചെയ്തു.

ടീം ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

ടീം ആസ്‌ട്രേലിയ: ഉസ്മാന്‍ ഖ്വാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്്.

Tags:    
News Summary - Steve Smith's Century Brings Huge Score for Australia in 4th Test vs India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.