മറ്റൊരു മാസ്റ്റർക്ലാസിനാണ് സാക്ഷിയാകാൻ പോകുന്നതെന്ന് കരുതി, ഭാഗ്യത്തിന് ബോളണ്ട് പുറത്താക്കി; വിരാടിനെ പുകഴ്ത്തി സ്റ്റീവ് സ്മിത്ത്

ബോർഡർ-ഗവാസ്കർ ട്രോഫി നാലാം മത്സരം രണ്ടാം ദിനം അവസാനിച്ചപ്പോൾ ആസ്ട്രേലിയ മികച്ച നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 164/5 എന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 474 റൺസിന്‍റെ കൂറ്റൻ സ്കോർ നേടാൻ ആസ്ട്രേലിയക്ക് സാധിച്ചിരുന്നു. നിലവിൽ ആസ്ട്രേലിയക്ക് 310 റൺസിന്‍റെ ലീഡുണ്ട്.

ഒരു ഘട്ടത്തിൽ 51/2 എന്ന നിലയിൽ പരുങ്ങിയിരുന്നു ഇന്ത്യൻ ബാറ്റിങ്ങിനെ കൈപിടിച്ചുയർത്തിയത് വിരാട് കോഹ്ലിയുടെയും യശ്വസ്വി ജയ്സ്വാളിന്‍റെയും ബാറ്റിങ്ങാണ്. ഇരുവരും മൂന്നാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുക്കെട്ടുണ്ടാക്കി. ടീം സ്കോർ 153ൽ നിൽക്കുമ്പോഴായിരുന്നു വിരാടുമായുള്ള ആശയകുഴപ്പത്തിൽ ജയസ്വാൾ റണ്ണൗട്ടായി മടങ്ങുന്നത്. പിന്നാലെ തൊട്ടടുത്ത ഓവറിൽ വിരാടും പുറത്തായി. ജയസ്വാൾ 82 റൺസ് നേടിയപ്പോൾ വിരാട് 36 റൺസാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിക്ക് വളരെ നിയന്ത്രണം ചെലുത്തി അളന്നുമുറിച്ചുള്ള ബാറ്റിങ്ങാണ് വിരാട് ഈ മത്സരത്തിൽ കാഴ്ചവെച്ചത്. ഓഫ്സൈഡിന് പുറത്തുള്ള പന്തുകൾ ലീവ് ചെയ്തും മോശം ബോളുകളിൽ റൺ കണ്ടെത്തിയും വിരാട് മുന്നോട്ട് നീങ്ങി. നാല് ബൗണ്ടറിയടങ്ങിയതാണ് താരത്തിന്‍റെ ഇന്നിങ്സ് വിരാടിന്‍റെ ഈ ബാറ്റിങ്ങിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ആസ്ട്രേലിയൻ മധ്യനിര ബാറ്റർ സ്റ്റീവ് സ്മിത്ത്.

'കോഹ്ലി ഒരു ക്ലാസ് പ്ലെയറാണ്, പെർത്തിൽ അവൻ നന്നായി കളിച്ചു. ഇന്നും അവൻ മികച്ച് നിന്നിരുന്നു. മറ്റൊരു മാസ്റ്റർക്ലാസിനാണ് സാക്ഷ്യംവഹിക്കുന്നതെന്ന് തോന്നിയിരുന്നു, ഭാഗ്യത്തിന് ബോളണ്ടിന് പുറത്താക്കാൻ സാധിച്ചു,' സ്മിത്ത് പറഞ്ഞു. പെർത്തിൽ ഇന്ത്യ വിജയിച്ച ആദ്യ മത്സരത്തിൽ വിരാട് കോഹ്ലി ശതകം തികച്ചിരുന്നു.

അതേസമയം ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടം 153/2 എന്ന നിലയിൽ നിന്ന ദിവസം അവസാനിക്കുമ്പോൾ 164 /5 എന്ന നിലയിലാണ് ഇന്ത്യ. ജയ്സ്വാളിന് ശേഷം ക്രീസിലെത്തിയ നൈറ്റ് വാച്ച്മാൻ ആകാശ് ദീപിന് റൺസൊന്നും നേടാൻ സാധിച്ചില്ല. ആറ് റൺസുമായി ഋഷഭ് പന്തും നാല് റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.

ആസ്ട്രേലിയക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. കെ.എൽ രാഹുൽ 24 റൺസ് നേടി മടങ്ങിയപ്പോൽ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പരാജയമായി. വെറും മൂന്ന് റൺസ് നേടി രോഹിത് ശർമ കമ്മിൻസിന്‍റെ പന്തിൽ ബോളണ്ടിന് ക്യാച്ച് നൽകി മടങ്ങി.

നേരത്തെ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 34-ാം സെഞ്ച്വറി കണ്ടെത്തിയപ്പോൾ ആസ്ട്രേലിയ 474 എന്ന കൂറ്റൻ സ്കോറിലെത്തി. അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് (60), ഉസ്മാൻ ഖവാജ (57), മാർനസ് ലബൂഷെയ്ൻ (72) എന്നിവർ അർധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകൾ നേടി.

Tags:    
News Summary - steve smith praises Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.