മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ഒന്നാംദിനം ആസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും മൂന്നു വിക്കറ്റുമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും വിട്ടുകൊടുത്തില്ല.
ആദ്യ സെഷനിൽ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് വിറപ്പിച്ചെങ്കിലും പോരാട്ടവീര്യം വീണ്ടെടുത്ത ബുംറ, രണ്ട്, മൂന്ന് സെഷനുകളിൽ തകർപ്പൻ ബൗളിങ്ങുമായി തിരിച്ചെത്തി. ഇന്ത്യക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ട്രാവിസ് ഹെഡ്ഡിനെയും ക്രീസിൽ അർധ സെഞ്ച്വറിയുമായി നിലയുറപ്പിച്ച ഉസ്മാൻ ഖ്വാജയെയും മിച്ചൽ മാർഷിനെയും പുറത്താക്കിയാണ് ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഓസീസിന്‍റെ നാലു ടോപ് ഓർഡർ ബാറ്റർമാരും അർധ സെഞ്ച്വറി നേടി. അഡലെയ്ഡിലും ബ്രിസ്ബെയ്നിലും തുടർച്ചയായി രണ്ടു സെഞ്ച്വറികൾ നേടിയ ഹെഡ്ഡിനെ ബുംറ ബൗൾഡാക്കുകയായിരുന്നു.
ഏഴു പന്തുകൾ നേരിട്ട് റണ്ണൊന്നും എടുക്കാതെയാണ് താരം പുറത്തായത്. മത്സരത്തിൽ ആദ്യം പുറത്താക്കിയത് ഖ്വാജയെയാണ്. ഇതോടെ മെൽബണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് താരത്തിന് സ്വന്തമായി. 15 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ മുൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലയെയാണ് താരം മറികടന്നത്. മൂന്നു ടെസ്റ്റുകളിൽ ആറു ഇന്നിങ്സുകളിലായി കുംബ്ലെ 15 വിക്കറ്റുകളാണ് മെൽബണിൽ വീഴ്ത്തിയത്. ബുംറ മൂന്നു ടെസ്റ്റുകളിൽ അഞ്ചു ഇന്നിങ്സുകളിലായി 18 വിക്കറ്റ് സ്വന്തമാക്കി. 14 വിക്കറ്റുകൾ വീതമുള്ള ആർ. അശ്വിനും കപിൽ ദേവും 13 വിക്കറ്റുകളുമായി ഉമേഷ് യാദവുമാണ് തൊട്ടുപിന്നിലുള്ളത്.
കുംബ്ലെയും അശ്വിനും കപിലും കളമൊഴിഞ്ഞതിനാൽ ഈ റെക്കോഡ് അടുത്തകാലത്തൊന്നും ആർക്കും മറികടക്കാനാകില്ല. ടെസ്റ്റിന്‍റെ ഒന്നാം ദിനം
സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് 86 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന നിലയിലാണ്. 111 പന്തിൽ 68 റൺസുമായി സ്റ്റീവ് സ്മിത്തും 17 പന്തിൽ എട്ടു റൺസുമായി നായകൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. നേരത്തെ, ടോസ് നേടി ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ടെസ്റ്റ് ഇന്ത്യയും രണ്ടാമത്തേത് ഓസീസും നേടി. മൂന്നാം മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ 1-1 എന്ന നിലയിലാണ് പരമ്പരയിപ്പോൾ. രോഹിത്തിന്‍റെയും വിരാട് കോഹ്ലിയുടെയും മോശം ഫോമാണ് ഇന്ത്യയെ വലകുന്നത്. ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതൊഴിച്ചാൽ കോഹ്‌ലി താളംകണ്ടെത്താനാവാതെ പതറുകയാണ്. ബാറ്റിങ്ങിലെ മറ്റൊരു പ്രതീക്ഷയായ ഋഷഭ് പന്തിന് പരമ്പരയിൽ ഇതുവരെ ഒരു അർധശതകം പോലും നേടാൻ കഴിഞ്ഞിട്ടില്ല.
ബോക്സിങ് ഡേയിൽ ഒമ്പത് ടെസ്റ്റുകൾ കളിച്ച ഇന്ത്യ അഞ്ചിലും തോറ്റതാണ് ചരിത്രം. രണ്ടെണ്ണത്തിൽ ജയിക്കുകയും അത്രയെണ്ണം സമനിലയിൽ പിരിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.