ബോർഡർ-ഗവാസ്കർ ട്രോഫി നാലാം ടെസ്റ്റ് അതിന്‍റെ എല്ലാം ആവേശത്തിലും കൂടി കടന്നപോകുകയാണ്. ഇരു ടീമുകളും കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന പോലെ ഏറ്റുമുട്ടുന്ന മത്സരത്തിൽ നിലവിൽ ആസ്ട്രേലിയക്ക് മുൻതൂക്കമുണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികളും മത്സരത്തിന്‍റെ ആവേശത്തിന്‍റെ കൊടുമുടിയിലാണ്.
ഇതിഹാസ താരം വിരാട് കോഹ്ലിയും സാം കോൺസ്റ്റാസും തമ്മിൽ ഏറ്റുമുട്ടിയതിന് ശേഷം വിരാട് കോഹ്ലിയെ മെൽബൺ കാണികൾ കൂവിയിരുന്നു. ഇന്ന് മോശമല്ലാതെ ബാറ്റ് ചെയ്തിരുന്ന വിരാട് ഔട്ടായി മടങ്ങിയതിന് ശേഷവും മെൽബൺ കാണികൾ വിരാടിനെ കൂവി. ഡ്രസിങ് റൂമിലേക്ക് മടങ്ങവെയാണ് താരത്തിനെതിരെ കാണികൾ കൂവിയത്. ഡ്രസിങ് റൂമിലേക്കുള്ള ടണൽ വഴി പോകുകയായിരുന്ന വിരാട് കൂവുന്ന കാണികൾക്ക് മറുപടി നൽകുവാൻ തിരിച്ചുവര.
കാണികളെ നോക്കി വിരാട് കുറച്ച് നിമിഷങ്ങൾ നിൽക്കുകയും ചെയ്തു. ഒരു മാച്ച് ഒഫീഷ്യൽ വന്ന് താരത്തെ ടണലിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. നേരത്തെ തന്നെ വിരാട് ആസ്ട്രേലിയൻ മീഡിയകളിലും ഇന്‍റർനെറ്റിലും ഒരു വിവാദതാരമായി മാറിയിട്ടുണ്ട്. കോൺസ്റ്റാസ് ആയുള്ള പ്രശ്നത്തിന്‍റെ പേരിൽ താരത്തെ കീറിമുറിക്കുന്നുണ്ട്. അതിനിടെ കാണികളോട് കൂടി വഴക്കിന് ചെന്നാൽ കോഹ്ലിയെ അത് വീണ്ടും ബാധിച്ചേക്കും.
അതേസമയം കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് വളരെ നിയന്ത്രണം ചെലുത്തി അളന്നുമുറിച്ചുള്ള ബാറ്റിങ്ങാണ് വിരാട് ഈ മത്സരത്തിൽ കാഴ്ചവെച്ചത്. ഓഫ്സൈഡിന് പുറത്തുള്ള പന്തുകൾ ലീവ് ചെയ്തും മോശം ബോളുകളിൽ റൺ കണ്ടെത്തിയും വിരാട് മുന്നോട്ട് നീങ്ങി. ഒരു ഘട്ടത്തിൽ 51/2 എന്ന നിലയിൽ പരുങ്ങിയിരുന്നു ഇന്ത്യൻ ബാറ്റിങ്ങിനെ കൈപിടിച്ചുയർത്തിയത് വിരാട് കോഹ്ലിയുടെയും യശ്വസ്വി ജയ്സ്വാളിന്‍റെയും കൂട്ടുക്കെട്ടാണ്. ഇരുവരും മൂന്നാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുക്കെട്ടുണ്ടാക്കി. ഒടുവിൽ ജയ്സ്വാൾ റണ്ണൗട്ടായി മടങ്ങിയതാണ് ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായത്.
ദിവസം അവസാനിക്കുമ്പോൾ 164 /5 എന്ന നിലയിലാണ് ഇന്ത്യ. ജയ്സ്വാളിന് ശേഷം ക്രീസിലെത്തിയ നൈറ്റ് വാച്ച്മാൻ ആകാശ് ദീപിന് റൺസൊന്നും നേടാൻ സാധിച്ചില്ല. ആറ് റൺസുമായി ഋഷഭ് പന്തും നാല് റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ആസ്ട്രേലിയക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. കെ.എൽ. രാഹുൽ 24 റൺസ് നേടി മടങ്ങിയപ്പോൽ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പരാജയമായി. വെറും മൂന്ന് റൺസ് നേടി രോഹിത് ശർമ കമ്മിൻസിന്‍റെ പന്തിൽ ബോളണ്ടിന് ക്യാച്ച് നൽകി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.