ശിഖർ ധവാൻ മകൻ സൊരാവറിൻെറ കൂടെ

‘എത്ര അകലെയാണെങ്കിലും നീ എപ്പോഴും എന്റെ ഹൃദയത്തിലുണ്ട് സോറാ’; മകന് പിറന്നാളാശംസ നേർന്ന് ശിഖർ ധവാൻ

ഇടക്കാലത്ത് ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്ന ബാറ്ററാണ് ശിഖർ ധവാൻ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തിളക്കമേറിയ പ്രകടനങ്ങളുമായി കളം നിറഞ്ഞ താരം ഇടക്കാലത്ത് പരിക്കിന്റെ പിടിയിലായതോടെയാണ് ടീമിൽനിന്ന് അപ്രത്യക്ഷനായത്. താരങ്ങളുടെ അതിപ്രസരമാണ് ധവാനെ ടീമിന് പുറത്തേക്ക് നയിച്ചതെന്ന് പറയുന്നവരുമുണ്ട്. ഇപ്പോൾ മകൻ സൊരാവറിന് പിറന്നാൾ ആശംസ നേർന്ന് താരം ഇസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരികമായ പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഭാര്യ ആയിഷ മുഖർജിയിൽ നിന്ന് വേർപിരിഞ്ഞ ധവാന് രണ്ട് വർഷമായി മകൻ സൊരാവറിനെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച സോരാവറിന് 10 വയസ്സ് തികഞ്ഞു. വികാരധീനനായാണ് താരം പിറന്നാളാശംസ പങ്കുവെച്ചത്. “എത്ര അകലെയാണെങ്കിലും, പഴയത് പോലെ കാണാൻ കഴിഞ്ഞില്ലെങ്കിലും, നീ എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും. സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു, സോറാ!' - ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2010ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ധവാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിവിധ ഫോർമാറ്റുകളിലായി 10,000ത്തിലധികം റൺസ് നേടി. 44.1 ശരാശരിയിലും 91.35 സ്‌ട്രൈക്ക് റേറ്റിലും 6,793 ഏകദിന റൺസ് നേടി. 2013ൽ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് അരങ്ങേറ്റം 85 പന്തിൽ സെഞ്ച്വറി നേടി താരം അവിസ്മരണീയമായിരുന്നു. ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 187 റൺസാണ് ഈ മത്സരത്തിൽ താരം നേടിയത്.

2013ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ധവാന്റെ പ്രകടനം നിർണായകമായിരുന്നു. ടൂർണമെന്‍റിൽ 363 റൺസ് നേടി ഗോൾഡൻ ബാറ്റ് അവാർഡും ധവാൻ സ്വന്തമാക്കി. 34 ടെസ്റ്റുകളിൽ നിന്ന് 40.61 ശരാശരിയിൽ 2315 റൺസും 68 ടി20കളിൽ നിന്ന് 759 റൺസാണ് സമ്പാദ്യം. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, ഡെക്കാൻ ചാർജേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ് ടീമുകൾക്കായി പാഡണിഞ്ഞിട്ടുണ്ട്. ടൂർണമെന്റിന്റെ ചരിത്രത്തിൽ കോഹ്‌ലിക്ക് പിന്നിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് ധവാൻ. 127.14 സ്‌ട്രൈക്ക് റേറ്റിൽ 222 മത്സരങ്ങളിൽ നിന്നായി 6769 റൺസ് നേടി

Tags:    
News Summary - Shikhar Dhawan wishes his son a happy birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.