ജയം തേടിയിറങ്ങിയ ആതിഥേയരെ സമ്മർദത്തിലാക്കി ഒന്നാം ദിനത്തിൽ തന്നെ 47 റൺസ് ലീഡ് പിടിച്ച ആസ്ട്രേലിയയെ പിടിച്ചുകെട്ടാൻ വഴികൾ തേടി ഇന്ത്യൻ ബൗളർമാർ. മാത്യു കുനെമൻ നിറഞ്ഞാടിയ ദിനത്തിൽ അതിവേഗം ഇന്ത്യ മടങ്ങിയിരുന്നു. മറുപടി ബാറ്റിങ് തുടരുന്ന ഓസീസ് 71 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ്. 19 റൺസ് നേടി കാമറൺ ഗ്രീനും റണ്ണൊന്നുമെടുക്കാതെ അലക്സ് കാരിയും ക്രിസിലുണ്ട്. 19 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്കോംബിനെ അശ്വിൻ മടക്കിയതാണ് അവസാനം വീണ വിക്കറ്റ്. സ്പിന്നർമാർ വീണ്ടും ആധിപത്യം കാട്ടുന്ന ഇന്ദോർ മൈതാനത്ത് രവീന്ദ്ര ജഡേജ നാലു വിക്കറ്റുമായി വീണ്ടും ഓസീസ് നിരയിൽ ആധി ഇരട്ടിയാക്കുന്നുണ്ട്.
ആസ്ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ബുധനാഴ്ച 109 റൺസിന് പുറത്തായിരുന്നു. മാത്യു കുനേമൻ, നഥാൻ ലിയോൺ എന്നിവരുടെ സ്പിൻ ആക്രമണമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. കുനേമൻ അഞ്ചും ലിയോൺ മൂന്നും വിക്കറ്റെടുത്തപ്പോൾ ടോഡ് മർഫി ഒരു വിക്കറ്റെടുത്തു. 22 റൺസുമായി അൽപമെങ്കിലും പിടിച്ചുനിന്ന വിരാട് കോഹ്‍ലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
കഴിഞ്ഞ മത്സരങ്ങളിൽ സമ്പൂർണ പരാജയമായ ഓപണർ ലോകേഷ് രാഹുലിന് പകരം ശുഭ്മാൻ ഗില്ലിനെ ഓപണറായി നിയോഗിച്ചാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. എന്നാൽ, 18 പന്തിൽ 21 റൺസെടുത്ത താരത്തെ മാത്യു കുനേമൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയെ കുനേമനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പീറ്റർ കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 12 റൺസായിരുന്നു രോഹിതിന്റെ സംഭാവന. ഒരു റൺസെടുത്ത ചേതേശ്വർ പൂജാരയുടെ കുറ്റി ലിയോൺ പിഴുതു. നാല് റൺസെടുത്ത രവീന്ദ്ര ജദേജയെ ലിയോൺ കുനേമന്റെ കൈകളിലെത്തിച്ചു. അവസാനത്തിൽ, മൂന്ന് റൺസെടുത്ത അശ്വിനെയും 17 റൺസെടുത്ത ഉമേഷ് യാദവിനെയും കുനേമൻ മടക്കി. മുഹമ്മദ് സിറാജ് റൺസെടുക്കും മുമ്പ് റണ്ണൗട്ടായും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സിന് വിരാമമായി.
ഓസീസ് നിരയിൽ 60 റൺസെടുത്ത ഉസ്മാൻ ഖ്വാജയാണ് ഇതുവരെയും ടോപ്സ്കോറർ. 147 പന്ത് നേരിട്ടാണ് ഖ്വജ അത്രയും റൺസടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.