രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അന്തിമ ഇലവനിൽ ഇടം പിടിച്ച സർഫറാസ് ഖാനും ധ്രുവ് ജുറെലും ഇന്ന് അരങ്ങേറ്റം കുറിക്കും. പേസർ മുഹമ്മദ് സിറാജും ഓൾറൗണ്ടർ രവീന്ദ്രജദേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ അക്സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.
റൺസൊഴുകുമെന്ന് കണക്കുകൂട്ടുന്ന പിച്ചിൽ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇന്ത്യ പോരിനിറങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒരോ മത്സരങ്ങൾ ജയിച്ച് 1-1 നിലയിലാണ് ഇരു ടീമും. നിർണായകമായ മത്സരത്തിൽ സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവവും ക്യാപ്റ്റൻ രോഹിത് ശർമയുടെ നിറംമങ്ങിയ പ്രകടനങ്ങളും ഇന്ത്യയെ അലട്ടുന്നുണ്ട്.
ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനിത് നൂറാം ടെസ്റ്റാണ്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 500ാം വിക്കറ്റെന്ന ചരിത്രവും രാജ്കോട്ടിൽ പിറക്കാനാണ് സാധ്യത. 499 വിക്കറ്റാണ് നിലവിൽ അശ്വിന്റെ സമ്പാദ്യം. മൂന്നാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ പതിവുപോലെ ഒരുദിവസം മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു ഇംഗ്ലീഷ് ടീം.
രണ്ടാം ടെസ്റ്റ് കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് സന്ദർകർ ഇറങ്ങുന്നത്. പേസർ മാർക്ക് വുഡ് ടീമിൽ മടങ്ങിയെത്തി. യുവ സ്പിന്നർ ശുഐബ് ബഷീർ പുറത്തായി. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ വുഡ് കളിച്ചിരുന്നു. അന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. പരമ്പരയിൽ ആദ്യമായാണ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ രണ്ട് പേസർമാരെ കളിപ്പിക്കുന്നത്. വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സണാണ് മറ്റൊരു പേസർ.
ഇന്ത്യൻ ടീം : രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട്, ഒലീ പോപ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, റെഹാൻ അഹ്മദ്, ടോം ഹാർട് ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.