ജുറെലിന് സെഞ്ച്വറി നഷ്ടം; ഇന്ത്യ 307ന് പുറത്ത്; ഇംഗ്ലണ്ടിന് 46 റൺസ് ലീഡ്

റാഞ്ചി: കുത്തിത്തിരിയുന്ന പിച്ചിൽ ഇംഗ്ലീഷ് ബൗളർമാരെ വിരോചിതം നേരിട്ട യുവതാരം ധ്രുവ് ജുറെലിന് പത്ത് റൺസ് അകലെ സെഞ്ച്വറി നഷ്ടം. നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 307 റൺസിന് പുറത്തായി. ഇംഗ്ലണ്ടിന് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 353 റൺസെടുത്തിരുന്നു. 149 പന്തിൽ 90 റൺസെടുത്ത ജുറെൽ പത്താമനായാണ് പുറത്താകുന്നത്. നാലു സിക്സും ആറു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. മൂന്നാം ദിനം ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ജുറെലിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.

മൂന്നാം ദിനം ടീം സ്കോർ ബോർഡിൽ കൂട്ടിചേർത്ത 88 റൺസിൽ 60 റൺസും ജുറെലിന്‍റെ വകയായിരുന്നു. 131 പന്തിൽ 28 റൺസെടുത്ത കുൽദീപ് യാദവിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജെയിംസ് ആൻഡേഴ്സൺ താരത്തെ ബൗൾഡാക്കുകയായിരുന്നു. എട്ടാം വിക്കറ്റിൽ ജുറെലും കുൽദീപ് യാദവും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 76 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും മടങ്ങിയത്.

പിന്നാലെ ക്രീസിലെത്തിയ ആകാശ് ദീപ് ഒമ്പത് റൺസുമായി മടങ്ങി. ശുഐബ് ബഷീറിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. കരിയറിലെ ആദ്യ സെഞ്ച്വറി കുറിക്കുമെന്ന തോന്നിപ്പിച്ചെങ്കിലും ടോം ഹാർട്ലിയുടെ പന്തിൽ ബൗൾഡായാണ് ജുറെൽ പുറത്തായത്. ശുഐബ് ബഷീറിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ് നേടികൊടുത്തത്.

ഇന്ത്യക്കായി ഓപ്പണർ യശസ്വി ജയ്സ്വാളും അർധ സെഞ്ച്വറി നേടിയിരുന്നു. 117 പന്തിൽ 73 റൺസെടുത്ത താരം ബഷീറിന്‍റെ പന്തിൽ ബൗൾഡായി. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽതന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി. സ്കോർ ബോർഡിൽ നാല് റൺസ് ചേർക്കുന്നതിനിടെ ആൻഡേഴ്സണിന്‍റെ പന്തിൽ രോഹിത് വിക്കറ്റ് കീപ്പർ ബെന്‍ ഫോക്സിന് ക്യാച്ച് നൽകിയാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ ജയ്സ്വാളും ശുഭ്മൻ ഗില്ലും 82 റൺസ് കൂട്ടിചേർത്തു. പിന്നാലെ 65 പന്തിൽ 38 റൺസെടുത്ത ഗില്ലിനെ ബഷീർ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി.

രജത് പാട്ടിദാറും സമാന രീതിയിൽ പുറത്തായി. 42 പന്തിൽ 17 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അധികം വൈകാതെ 12 റൺസെടുത്ത രവീന്ദ്ര ജദേജയെ ബഷീർ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ഇംഗ്ലീഷ് ബൗളർമാരെ ചെറുത്തുനിന്ന ജയ്സ്വാൾ പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 117 പന്തിൽ 73 റൺസ് നേടിയ താരത്തെ ബഷീർ ക്ലീൻ ബോൾഡാക്കി. എട്ടു ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നാലെ സർഫറാസ് ഖാനെയും (53 പന്തിൽ 14) ആർ. അശ്വിനെയും (13 പന്തിൽ ഒന്ന്) ടോം ഹാർട്ലി മടക്കിയതോടെ ഇന്ത്യ ഏഴ് വിക്കറ്റ് 177ലേക്ക് വീണു.

രണ്ടാം ദിനം 7ന് 302 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും രവീന്ദ്ര ജദേജ വീഴ്ത്തി. സെഞ്ച്വറി നേടിയ ജോ റൂട്ട് (122*) പുറത്താകാതെ നിന്നു.

Tags:    
News Summary - India vs England Test Series: England Bundled Out India For 307

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.