ഇംഗ്ലണ്ടിന്‍റെ സ്പിൻ കെണിയിൽ വീണ് ഇന്ത്യ; ഏഴിന് 219; ശുഐബ് ബഷീറിന് നാലു വിക്കറ്റ്

റാഞ്ചി: നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ സ്പിൻ കെണിയിൽ വീണ് ഇന്ത്യ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 7ന് 219 എന്ന നിലയിലാണ് ഇന്ത്യ.

മൂന്നു വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 353നൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 134 റൺസ് കൂടി വേണം. സ്പിന്നർ ശുഐബ് ബഷീറിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ മുൻനിര ബാറ്റിങ്ങിനെ തകർത്തത്. 30 റൺസുമായി ധ്രുവ് ജുറെലും 17 റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിലുള്ളത്. ഓപ്പണർ യശസ്വി ജയ്സ്വാൾ അർധ സെഞ്ച്വറി നേടി. 117 പന്തിൽ 73 റൺസെടുത്ത താരം ബഷീറിന്‍റെ പന്തിൽ ബൗൾഡായി. ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽതന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി.

സ്കോർ ബോർഡിൽ നാല് റൺസ് ചേർക്കുന്നതിനിടെ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണിന്‍റെ പന്തിൽ രോഹിത് വിക്കറ്റ് കീപ്പർ ബെന്‍ ഫോക്സിന് ക്യാച്ച് നൽകിയാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ ജയ്സ്വാളും ശുഭ്മൻ ഗില്ലും 82 റൺസ് കൂട്ടിചേർത്തു. പിന്നാലെ 65 പന്തിൽ 38 റൺസെടുത്ത ഗില്ലിനെ ബഷീർ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി.

രജത് പാട്ടിദാറും സമാന രീതിയിൽ പുറത്തായി. 42 പന്തിൽ 17 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അധികം വൈകാതെ 12 റൺസെടുത്ത രവീന്ദ്ര ജദേജയെ ബഷീർ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ഇംഗ്ലീഷ് ബൗളർമാരെ ചെറുത്തുനിന്ന ജയ്സ്വാൾ പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 117 പന്തിൽ 73 റൺസ് നേടിയ താരത്തെ ബഷീർ ക്ലീൻ ബോൾഡാക്കി. എട്ടു ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നാലെ സർഫറാസ് ഖാനെയും (53 പന്തിൽ 14) ആർ. അശ്വിനെയും (13 പന്തിൽ ഒന്ന്) ടോം ഹാർട്ലി മടക്കിയതോടെ ഇന്ത്യ ഏഴ് വിക്കറ്റ് 177ലേക്ക് വീണു.

എട്ടാം വിക്കറ്റിൽ ജുറെലും കുൽദീപ് യാദവും ഇതുവരെ 42 റൺസാണ് കൂട്ടിചേർത്തത്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 353ൽ അവസാനിച്ചിരുന്നു. രണ്ടാം ദിനം 7ന് 302 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും രവീന്ദ്ര ജദേജ വീഴ്ത്തി. സെഞ്ച്വറി നേടിയ ജോ റൂട്ട് (122*) പുറത്താകാതെ നിന്നു.

Tags:    
News Summary - India vs England Test Series: Seven-Down India Fight Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.