മൗണ്ട് മൻഗനൂയി: വെസ്റ്റിൻഡീസിനെതിരെ റൺമല തീർത്ത് വമ്പൻ ജയം ആഘോഷിച്ച മിഥാലി രാജും കൂട്ടരും ഇംഗ്ലണ്ടിനെതിരെ കളിമറന്നപ്പോൾ വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് രണ്ടാം തോൽവി. വെറും 134 റൺസിന് ഓൾ ഔട്ടായ ഇന്ത്യക്കെതിരെ 112 പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്നു കളികളും തോറ്റ് ഏറക്കുറെ പുറത്താകലിന്റെ വക്കിലായ ഇംഗ്ലണ്ടിന് സമാശ്വാസമായി ഈ ജയം.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനിറക്കുകയായിരുന്നു. ഓപണർ സ്മൃതി മന്ഥാനയും വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷും മാത്രമെ ഇന്ത്യൻ നിരയിൽ തിളങ്ങിയുള്ളൂ. മന്ഥാന 58 പന്തിൽ 35 റൺസെടുത്തു ടോപ് സ്കോററായി. റിച്ച ഘോഷ് 33 റൺസെടുത്ത് റണ്ണൗട്ടായി. ഹർമൻപ്രീത് കൗറും വെറ്ററൻ താരം ജുലാൻ ഗോസ്വാമിയും മാത്രമാണ് പിന്നീട് രണ്ടക്കം താണ്ടിയത്. ഹർമൻപ്രീത് 14 റൺസും ജുലാൻ 20 റൺസുമെടുത്തു. ക്യാപ്റ്റൻ മിഥാലി രാജ് ഒരു റണ്ണിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തിൽ ഞെട്ടിക്കാൻ ഇന്ത്യക്കായി. സ്കോർ ബോർഡിൽ വെറും നാല് റൺസെത്തിയപ്പോൾ തന്നെ ഓപണർമാരായ ടമ്മി ബ്യൂമോണ്ടിനെയും ഡന്നി വ്യാട്ടിനെയും ഇന്ത്യൻ വനിതകൾ കരക്കെത്തിച്ചു.
പക്ഷേ, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹീതർ നൈറ്റും (53 നോട്ടൗട്ട്) നാറ്റ് ഷിവറും (45) ഇന്ത്യയുടെ കൈയിൽനിന്നും കളി തട്ടിയെടുത്തു. ഷിവറിനെ പുറത്താക്കിയ ശേഷം കളി തിരിച്ചുപിടിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും പ്രതിരോധിക്കാൻ പോന്ന സ്കോറില്ലായിരുന്നു. ഒടുവിൽ നാല് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് ജയം പിടിക്കുമ്പോൾ 112 പന്തുകൾ ബാക്കിയുണ്ടായിരുന്നു.
നാല് കളികളിൽ നിന്ന് നാല് പോയന്റുമായി പട്ടികയിൽ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.