മുംബൈ: രോഹിത് ശർമക്ക് വിശ്രമം നൽകുകയും ലോകേഷ് രാഹുലിന് പരിക്കേൽക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ മായങ്ക് അഗർവാളിന് അവസരം ലഭിക്കുമായിരുന്നില്ല. എന്നാൽ, കഴിഞ്ഞ കളിയിൽ ശ്രേയസ് അയ്യരുടേതുപോലെ കിട്ടിയ അവസരം രണ്ടു കൈയും നീട്ടി സ്വീകരിച്ച മായങ്ക് തകർപ്പൻ സെഞ്ച്വറിയുമായി (പുറത്താവാതെ 120) വാംഖഡെയിൽ നിറഞ്ഞാടിയപ്പോൾ കിവീസിനെതിരായ രണ്ടാം ടെസ്റ്റിെൻറ ആദ്യദിനം ഇന്ത്യക്ക് മേൽക്കൈ.
നനഞ്ഞ ഔട്ട്ഫീൽഡ് കാരണം 20 ഓവർ നഷ്ടമായ ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ നാലു വിക്കറ്റിന് 221 എന്ന നിലയിലാണ്. 15ാം ടെസ്റ്റ് കളിക്കുന്ന മായങ്കിെൻറ മൂന്നാം സെഞ്ച്വറിയാണിത്. ഭേദപ്പെട്ട ഫോമിൽ കളിക്കുമ്പോഴും ഓപണിങ് സ്ഥാനം നഷ്ടമായ 30കാരെൻറ ബാറ്റുകൊണ്ടുള്ള മികച്ച മറുപടിയുമായി ഈ ഇന്നിങ്സ്. ആക്രമണവും പ്രതിരോധവും സമ്മേളിപ്പിച്ച് 246 പന്തിൽ നാലു സിക്സും 14 ഫോറും പായിച്ചാണ് കർണാടക താരം 120ലെത്തിനിൽക്കുന്നത്. 25 റൺസുമായി വൃദ്ധിമാൻ സാഹയാണ് ക്രീസിൽ ഒപ്പം.
മികച്ച തുടക്കത്തിനുശേഷം പൊടുന്നനെ തുടരെ വിക്കറ്റുകൾ നഷ്ടമായി സമ്മർദത്തിലായ ഇന്ത്യയെ കരകയറ്റിയത് മായങ്കായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവെക്കുന്ന കളിയാണ് മായങ്കും ശുഭ്മാൻ ഗില്ലും (44) കാഴ്ചവെച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും 80 റൺസ് ചേർത്തപ്പോൾ ഇന്ത്യയുടെ അടിത്തറ മികച്ചതായി. എന്നാൽ, അപകടം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
ഇടംകൈയൻ സ്പിന്നർ അജാസ് പട്ടേൽ രണ്ട് ഓവറിനിടെ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യ മൂന്നിന് 80 എന്ന നിലയിലായി. ഗില്ലിനെ സ്ലിപ്പിൽ റോസ് ടെയ്ലറുടെ കൈയിലെത്തിച്ച പട്ടേൽ ചേതേശ്വർ പുജാരയെയും കോഹ്ലിയെയും പൂജ്യരാക്കി മടക്കി. പുജാര ക്ലീൻബൗൾഡായപ്പോൾ കോഹ്ലി വിക്കറ്റിനു മുന്നിൽ കുടുങ്ങി.
ഇതോടെ പകച്ചുപോയ ഇന്ത്യയെ പക്ഷേ മായങ്ക് ഒറ്റക്ക് ചുമലിലേറ്റി. ആദ്യ ടെസ്റ്റിലെ ഹീറോ അയ്യരെയും (18) സാഹയെയും കൂട്ടുപിടിച്ചായിരുന്നു മായങ്കിെൻറ രക്ഷാപ്രവർത്തനം. ഇടക്ക് അയ്യരെയും പട്ടേൽ പുറത്താക്കിയെങ്കിലും അഭേദ്യമായ അഞ്ചാം വിക്കറ്റിൽ 61 റൺസ് കൂട്ടുകെട്ടുയർത്തി മായങ്കും സാഹയും ടീമിനെ കാത്തു.
ഇന്ത്യൻനിരയിൽ ആദ്യ ടെസ്റ്റിലെ വിശ്രമത്തിനുശേഷം കോഹ്ലി തിരിച്ചെത്തിയപ്പോൾ ആദ്യ കളിയിൽ ടീമിനെ നയിച്ച അജിൻക്യ രഹാനെ പുറത്തായി. രവീന്ദ്ര ജദേജ, ഇശാന്ത് ശർമ എന്നിവരും പുറത്തിരുന്നപ്പോൾ ജയന്ത് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് അവസരം ലഭിച്ചു. ന്യൂസിലൻഡ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ പരിക്കുമൂലം പുറത്തിരുന്നപ്പോൾ ഡാരിൽ മിച്ചൽ പകരമെത്തി. ടോം ലതാമാണ് ടീമിനെ നയിക്കുന്നത്.
രഹാനെക്കും ഇശാന്തിനും 'പരിക്ക്'
മുംബൈ: മോശം ഫോമിലുള്ള അജിൻക്യ രഹാനെക്കും ഇശാന്ത് ശർമക്കും 'പരിക്ക്' വഴി പുറത്തേക്കുള്ള വഴി തുറന്ന് ടീം ഇന്ത്യ. മത്സരദിവസം രാവിലെ വരെ പുറത്തറിയാതിരുന്ന പരിക്കാണ് ടീം ഇലവൻ പ്രഖ്യാപിച്ചപ്പോൾ പുറത്തുവന്നത്. ക്യാപ്റ്റൻ വിരാട് കോഹ്ലി തിരിച്ചെത്തുേമ്പാൾ ഒട്ടും ഫോമിലല്ലാത്ത രഹാനെയുടെ തലയുരുളുമെന്ന സൂചനക്കിടെയാണ് ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനുള്ള സൂത്രപ്പണി ബി.സി.സി.ഐ പുറത്തെടുത്തത്. ഇശാന്തിനു പകരം സിറാജ് കളിച്ചേക്കുമെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. രഹാനെക്ക് പേശിവലിവും ഇശാന്തിന് ചെറുവിരലിലെ പരിക്കുമാണ് കാരണമായി സൂചിപ്പിച്ചത്. എന്നാൽ, ഇതുരണ്ടും ആദ്യ ടെസ്റ്റിനിടെ സംഭവിച്ചതാണെങ്കിൽ ഭേദമാകാൻ സമയമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുവരും തലേദിവസംവരെ നെറ്റ്സിൽ പരിശീലിക്കുകയും മത്സരദിവസം രാവിലെ മൈതാനത്ത് വാംഅപ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.