സതാംപ്ടൺ: മഴമാറിനിന്നതോടെ കളമുണർന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മുന്നിൽ 32 റൺസിന്‍റെ ലീഡുയർത്തി ന്യൂസിലൻഡ്. അഞ്ചാം ദിനം ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ന്യൂസിലൻഡ് മധ്യനിരയെയും വാലറ്റത്തെയും നിലയുറപ്പിക്കാൻ അനുദവിക്കാതെ മടക്കിയതോടെ ചെറിയ ലീഡിൽ കിവികൾക്ക് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയുടെ 217 റൺസിനെതിരെ 249 റൺസാണ് ന്യൂസിലൻഡ് കുറിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ഇശാന്ത് ശർമ മൂന്നും ആർ.അശ്വിൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
177 പന്തുകൾ നേരിട്ട് 49 റൺസെടുത്ത നായകൻ കെയ്ൻ വില്യംസണാണ് കിവികളുടെ ആയുസ് നീട്ടിയത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ന്യൂസിലൻഡിന് അഞ്ചാംദിനം ആദ്യം നഷ്ടമായത് റോസ് ടെയ്ലറെയാണ് (11). ടെയ്ലറെ ഗില്ലിന്‍റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമിയാണ് കിവികൾക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. തൊട്ടുപിന്നാലെ ഹെൻട്രി നിക്കോൾസിനെ (7) ഇശാന്ത് ശർമയും ബി.ജെ വാൽട്ടിങിനെ (1) ഷമിയും പുറത്താക്കി. 30 റൺസെടുത്ത ടിം സൗത്തിയും 21 റൺസെടുത്ത കൈൽ ജാമിസണുമാണ് വാലറ്റത്ത് ചെറുത്ത് നിൽപ്പ് നടത്തിയത്.
ഇന്ന് ശേഷിക്കുന്ന ഓവറുകളും റിസർവ് ദിനമായ ബുധനാഴ്ചയുമാണ് ഇനി ശേഷിക്കുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മത്സരം സമനിലയിലേക്ക് നീങ്ങാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.