സതാംപ്ടൺ: ലോകകപ്പ് എന്നാൽ ക്രിക്കറ്റിൽ അത് ഏകദിന ലോകകപ്പ് മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. 60 ഓവറായിരുന്ന ആ മത്സരക്കാലത്തിനിടയിലാണ് 1983 ൽ ഇന്ത്യ ആദ്യമായി ലോകചാമ്പ്യൻമാരായത്. അതും ലോഡ്സിെൻറ മൈതാനമുറ്റത്ത്.
ജേതാക്കളെ നോക്കി 'കപിലിെൻറ ചെകുത്താൻമാർ' എന്ന് കായിക ലോകം വിളിച്ചു. 50 ഓവറിലേക്ക് ഏകദിന ക്രിക്കറ്റ് മാറി കാലമേറെ കഴിഞ്ഞായിരുന്നുവല്ലോ 'കുട്ടി ക്രിക്കറ്റ് 'എന്ന ഓമനപ്പേരിൽ ട്വൻറി 20 ക്രിക്കറ്റ് അവതരിച്ചത്. 2007 ൽ
ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ ആദ്യ ട്വൻറി 20 ലോകകപ്പ് നടന്നപ്പോൾ ജേതാവായത് മഹേന്ദ്ര സിങ് ധോണിയെന്ന നവാഗത ക്യാപ്റ്റെൻറ കീഴിൽ ഇന്ത്യയായിരുന്നു. അതേ ധോണിയുടെ കീഴിൽ ഇന്ത്യ 2011 ൽ 50 ഓവർ ലോകകപ്പിലും ചാമ്പ്യനായി.
ഒറ്റ ദിവസം കൊണ്ട് ജയമോ അത്യപൂർവമായ സമനിലയോ സംഭവിക്കുന്ന ഏകദിന - ട്വൻറി 20 ക്രിക്കറ്റിലെയോ പോലെ എളുപ്പമല്ല അഞ്ച് ദിവസം നീളുന്ന, സമനിലക്ക് ഏറെ സാധ്യതയുള്ള ടെസ്റ്റിൽ ലോക ചാമ്പ്യൻഷിപ് നടത്തുകയെന്നത്. 12 വർഷത്തെ കാത്തിരിപ്പിനും ചർച്ചകൾക്കും ശേഷം ടെസ്റ്റിലും ലോകകപ്പ് എന്ന ആശയത്തിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അനുമതി നൽകുമ്പോഴും സംശയങ്ങളുടെ കാർമേഘങ്ങൾ ഒഴിഞ്ഞിരുന്നില്ല.
എല്ലാം കടന്ന് പല പല രാജ്യങ്ങളിലായി പുരോഗമിച്ച ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിെൻറ ഫൈനലിന് ഇന്ന് ക്രിക്കറ്റിെൻറ ഈറ്റില്ലമായ ഇംഗ്ലണ്ട് തന്നെ വേദിയാവുന്നു. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ കളിക്കിറങ്ങുമ്പോൾ ഒരൊറ്റ ചോദ്യം മാത്രം ശേഷിക്കുന്നു. ആദ്യ ട്വൻറി 20 ലോക കപ്പിലെ പോലെ ആദ്യ ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യ ചാമ്പ്യൻമാരാകുമോ...?
ലിമിറ്റഡ് ഓവർ മത്സരങ്ങളല്ല, ടെസ്റ്റ് തന്നെയാണ് യഥാർഥ ക്രിക്കറ്റ് എന്ന് വിശേഷിപ്പിക്കാറുണ്ട്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ നയിക്കുന്ന രണ്ടു ടീമുകൾ. വിരാട് കോഹ്ലിയുടെ ഇന്ത്യയും. കെയ്ൻ വില്യംസെൻറ ന്യൂസിലൻഡും. ക്രിക്കറ്റിലെ വമ്പന്മാരെ മൂക്കുകുത്തിച്ചാണ് ഇരു ടീമുകളും ഫൈനലിലേക്കെത്തുന്നത്. ഇന്ത്യക്ക് 520ഉം ന്യൂസിലൻഡിന് 420ഉം പോയൻറാണുള്ളത്.
ഇന്ത്യക്കും മുമ്പേ ഇംഗ്ലണ്ടിലെത്തി ആതിഥേയരെ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ്. ഇന്ത്യയാകട്ടെ മാർച്ചിന് ശേഷം ഒറ്റ ടെസ്റ്റും കളിച്ചിട്ടുമില്ല.
ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ന്യൂസിലൻഡിന് ടെസ്റ്റ് പരമ്പരക്ക് അനുമതി നൽകിയതിനെതിരെ സചിൻ ടെണ്ടുൽകർ തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഫാസ്റ്റ് ബൗളിങ്ങിന് അനുകൂലമായ ഇംഗ്ലണ്ടിൽ രണ്ട് ടെസ്റ്റുകൾ ഇതിനകം കളിക്കാനായത് ന്യൂസിലൻഡിന് മുൻതൂക്കം നൽകുമെന്ന് സചിനെപ്പോലുള്ളവർ ആരോപിക്കുന്നു.
മൂന്ന് പേസ് ബൗളർമാരെയും രണ്ട് സ്പിന്നർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ അവസാന ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാസ്റ്റ് ബൗളിങ് കാണിച്ച് വിരട്ടാൻ കഴിയുന്ന ആ പഴയകാലം ഇന്ത്യ വിജയകരമായി താണ്ടിയിട്ടുണ്ട്. ലോകോത്തര ഫാസ്റ്റ് ബൗളിങ് നിരതന്നെ ഇപ്പോൾ ഇന്ത്യക്കും സ്വന്തമായുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇശാന്ത് ശർമയും ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച പേസ് ലൈനപ്പാണ്. മറുവശത്ത് ട്രെൻറ് ബോൾട്ടിെൻറ നേതൃത്വത്തിൽ കിവീസിെൻറ ബൗളിങ് ഡിപ്പാർട്മെൻറും ശക്തമാണ്. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും നയിക്കുന്ന ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് സംശയങ്ങൾക്കേ ഇടയില്ല.
ഓൾ റൗണ്ടറായി രവീന്ദ്ര ജദേജയുമുണ്ട്. വിക്കറ്റിന് പിന്നിലും മുന്നിലും സമീപകാല ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ അതിശയങ്ങൾ കാഴ്ചവെക്കുന്ന ഋഷഭ് പന്ത് ഒരിക്കൽ കൂടി രക്ഷകനായാൽ ഇന്ത്യക്ക് പണി എളുപ്പമാവും. അഞ്ചാം ബൗളറായി രവിചന്ദ്ര അശ്വിനെ ഉൾപ്പെടുത്തിയത് നാലാം ദിവസം മുതൽ സ്വഭാവം മാറുന്ന റോസ്ബൗളിലെ പിച്ച് മുന്നിൽക്കണ്ടാവണം.
ഇതുവരെ ഒരൊറ്റ ഐ.സി.സി കിരീടവും സ്വന്തമാക്കാനായില്ല എന്ന പേരുദോഷം മായ്ക്കാൻ കോഹ്ലിക്ക് കിട്ടിയ ഏറ്റവും മികച്ച അവസരമാണ് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്. 'ഈ ഒരൊറ്റ ടെസ്റ്റിെൻറ ഫൈനൽ തോറ്റാലും ജയിച്ചാലും ക്രിക്കറ്റിന് ഒന്നും സംഭവിക്കില്ല' എന്ന് മാധ്യമങ്ങളോട് കോഹ്ലി പറഞ്ഞുകഴിഞ്ഞെങ്കിലും മൈതാനത്തിറങ്ങിയാൽ കോഹ്ലിയും കൂട്ടരും എത്രമേൽ അക്രമകാരിയാകുമെന്ന് സമീപകാല മത്സരങ്ങൾ തന്നെ സാക്ഷിയാണ്.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാന, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.