സതാംപ്ടൺ: അഞ്ച് പേസർമാരുമായി കളിക്കാനുള്ള ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണിൻെറ തീരുമാനത്തെ പിന്തുണച്ച് ബൗളർമാർ പന്തെറിഞ്ഞപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യ ബാക്ക്ഫൂട്ടിൽ. അഞ്ച് വിക്കറ്റ് പിഴുത കെയ്ൽ ജാമിസണിന് മുന്നിൽ മുട്ടിടിച്ച ഇന്ത്യ ആദ്യ ഇന്നിങ്സിൽ 217ന് പുറത്തായി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് രണ്ടാം ദിനം അവസാനിക്കുേമ്പാൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 എന്ന നിലയിലാണ്. ഓപണർമാരായ ഡെവോൻ കോൺവെയും (54) ടോം ലതാമുമാണ് (30) പുറത്തായത്. ക്യാപ്റ്റൻ വില്ല്യംസണും(12)റോസ് ടെയ്ലറുമാണ്(0) ക്രീസിൽ.
22 ഓവറിൽ 31 റൺസ് മാത്രം വഴങ്ങിയാണ് ജാമിസൺ അഞ്ച് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ കൂടാരം കയറ്റിയത്. രണ്ട് വിക്കറ്റ് വീതമെടുത്ത നീൽ വാഗ്നറും ട്രെൻറ് ബോൾട്ടും ഒരു വിക്കറ്റ് നേടിയ ടിം സൗത്തിയും പിന്തുണ നൽകി. അജിൻക്യ രഹാനെ (49), ക്യാപ്റ്റൻ വിരാട് കോഹ്ലി (44), രോഹിത് ശർമ (34), ശുഭ്മൻ ഗിൽ (28), രവിചന്ദ്ര അശ്വിൻ (22), രവീന്ദ്ര ജദേജ (15) എന്നിവർക്കൊന്നും തുടക്കം മുതലാക്കാനായില്ല. മൂന്നിന് 146 എന്ന നിലയിൽ ഞായറാഴ്ച കളി തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി.
തലേന്നത്തെ സ്കോറിനോട് ഒന്നും കൂട്ടിച്ചേർക്കാനാവാതെ കോഹ്ലിയാണ് ജാമിസണിൻെറ പന്തിൽ വിക്കറ്റിനുമുന്നിൽ കുടുങ്ങി മടങ്ങിയത്. അധികം വൈകാതെ ഋഷഭ് പന്ത് നാല് റൺസ് മാത്രമെടുത്ത് ജാമിസണിൻെ റ പന്തിൽ ഡോം ലതാമിന് പിടികൊടുത്തതോടെ ഇന്ത്യ ആറിന് 156 എന്ന നിലയിലായി. ഒരുഭാഗത്ത് ചെറുത്തുനിന്ന രഹാനെയെ വാഗ്നറും ലതാമിൻെറ കൈയിലെത്തിച്ചതോടെ ഇന്ത്യ കിതച്ചു. അശ്വിനും ജദേജയും കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ബോൾട്ടും സൗത്തിയും ജാമിസണും ചേർന്ന് അതിവേഗം ഇന്ത്യൻ ഇന്നിങ്സിന് താഴിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.