ഇന്ത്യക്ക് അഞ്ചു വിക്കറ്റ് തോൽവി; ദക്ഷിണാഫ്രിക്ക പരമ്പരയിൽ മുന്നിൽ

ക്വെബെർഹ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് തോൽവി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തുനിൽക്കെ മഴ പെയ്തതോടെ മത്സരം തടസ്സപ്പെട്ടു. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വിജയം 15 ഓവറിൽ 152 റൺസാക്കി പുനക്രമീകരിച്ചു.

ആതിഥേയർ 13.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പരയിൽ പ്രോട്ടീസ് മുന്നിലെത്തി. വ്യാഴാഴ്ച ജൊഹാന്നസ്ബർഗിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. ആതിഥേയർക്കായി ഓപ്പണർമാരായ മാത്യു ബ്രീറ്റ്‌സ്‌കെയും റീസ ഹെൻഡ്രിക്സും ഗംഭീര തുടക്കം നൽകി. ഇരുവരും 2.5 ഓവറിൽ 42 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ ഏഴു പന്തിൽ 16 റൺസെടുത്ത ബ്രീറ്റ്‌സ്‌കെ റണ്ണൗട്ടായി.

ക്രീസിലെത്തിയ നായകൻ എയ്ഡൻ മാർക്രമും വമ്പനടികളുമായി കളംനിറഞ്ഞു. ഹെൻഡ്രിക്സും മാർക്രമും ചേർന്ന് രണ്ടാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് (52 റൺസ്) പിരിഞ്ഞത്. 17 പന്തിൽ 30 റൺസെടുത്ത നായകൻ മുകേഷ് കുമാറിന്‍റെ പന്തിൽ സിറാജിന് ക്യാച്ച് നൽകി മടങ്ങി. ഏഴു റൺസെടുത്ത ഹെൻറിച് ക്ലാസെനെ സിറാജ് പുറത്താക്കി. തൊട്ടുപിന്നാലെ 27 പന്തിൽ 49 റൺസെടുത്ത ഹെൻഡ്രിക്സും പുറത്തായതോടെ പ്രോട്ടീസ് പരുങ്ങലിലായി. ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സ് ശ്രദ്ധയോട് ബാറ്റേന്തി. ഇതിനിടെ 12 പന്തിൽ 17 റൺസെടുത്ത മില്ലർ പുറത്തായി. സ്റ്റബ്സും (14 റൺസ്) ആൻഡിൽ ഫെഹ്ലുക്വായോയും (10 റൺസ്) ചേർന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കായി മുകേഷ് കുമാർ രണ്ടു വിക്കറ്റും സിറാജ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നായകൻ സൂര്യകുമാർ യാദവിന്‍റെയും റിങ്കു സിങ്ങിന്‍റെയും അർധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ പൊരുതാനുള്ള സ്കോർ കണ്ടെത്തിയത്. 36 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 56 റൺസെടുത്താണ് സൂര്യകുമാർ പുറത്തായത്. 39 പന്തിൽ 68 റൺസുമായി റിങ്കു പുറത്താകാതെ നിന്നു. രണ്ടു സിക്സും ഒമ്പതും ഫോറും താരം നേടി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്സാളും ശുഭ്മൻ ഗില്ലും നിരാശപ്പെടുത്തി. ഇരുവരും റണ്ണൊന്നും എടുക്കാതെ മടങ്ങി. ആറു റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് വിലപ്പെട്ട രണ്ടു വിക്കറ്റുകളാണ് നഷ്ടമായത്. തിലക് വർമയും നായകൻ സൂര്യകുമാറും ചേർന്നാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു.

പിന്നാലെ തിലക് 20 പന്തിൽ 29 റൺസുമായി മടങ്ങി. ജെറാൾഡ് കോറ്റ്‌സിയുടെ പന്തിൽ മാർക്കോ ജാൻസെന് ക്യാച്ച് നൽകി. റിങ്കു സിങ്ങിനെ കൂട്ടുപിടിച്ചായി നായകന്‍റെ വെടിക്കെട്ട്. ഇരുവരും ചേർന്ന് 70 റൺസ് കൂട്ടുക്കെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. സ്കോർ 125ൽ നിൽക്കെയാണ് തബ്രായിസ് ഷംസിയുടെ പന്തിൽ ജാൻസെന് ക്യാച്ച് നൽകി സൂര്യകുമാർ പുറത്തായത്. ജിതേഷ് ശർമ മൂന്നു പന്തിൽ ഒരു റണ്ണുമായി വേഗം മടങ്ങി. രവീന്ദ്ര ജദേജ 14 പന്തിൽ 19 റൺസെടുത്തു. ആദ്യ പന്തിൽ തന്നെ അർഷ്ദീപ് സിങ് പുറത്തായി.

കോറ്റ്‌സി എറിഞ്ഞ അവസാന ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തിലാണ് ജദേജയും അർഷ്ദീപും പുറത്തായത്. പിന്നാലെ മഴ എത്തിയതോടെ മത്സരം നിർത്തിവെച്ചു. ആതിഥേയർക്കായി കോറ്റ്‌സി മൂന്നു വിക്കറ്റ് വീഴ്ത്തി. ലിസാഡ് വില്യംസ്, മാർക്കോ ജാൻസെൻ, ഷംസി, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Tags:    
News Summary - India vs South Africa 2nd T20: India lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.