ജൊഹാനസ്ബർഗ്: മഴക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബൗളർമാരെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ രണ്ടാം ടെസ്റ്റിൽ ആതിഥേയരുടെ ജയം ഏഴു വിക്കറ്റിന് ആധികാരികമായി.
ഇതോടെ മൂന്നു ടെസ്റ്റ് പരമ്പരയിൽ ഒരു കളി ശേഷിക്കെ ഇരുടീമുകളും 1-1ന് തുല്യതയിലായി. സ്കോർ: ഇന്ത്യ 202, 266. ദക്ഷിണാഫ്രിക്ക 229, 243/3. അവസാന ഇന്നിങ്സിൽ ജയിക്കാൻ വേണ്ടിയിരുന്ന 240 റൺസ് ദക്ഷിണാഫ്രിക്ക അനായാസമാണ് അടിച്ചെടുത്തത്. 96 റൺസുമായി പുറത്താവാതെ നിന്ന നായകൻ ഡീൻ എൽഗറാണ് വിജയനായകൻ. റാസി വൻഡർ ഡ്യൂസൻ (40), എയ്ഡൻ മാർക്രം (31), കീഗൻ പീറ്റേഴ്സൺ (28), തെംബ ബാവുമ (23 നോട്ടൗട്ട്) തുടങ്ങിയവരും ജയത്തിൽ പങ്കുവഹിച്ചു.
രണ്ടിന് 118 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കക്കും ജയത്തിനുമിടയിൽ മഴ തടസ്സം നിൽക്കുമെന്ന് തോന്നിച്ചാണ് നാലാം ദിനം തുടങ്ങിയത്. തുടർച്ചയായ മഴ ശമിച്ചപ്പോൾ ചായക്കുശേഷമാണ് കളി തുടങ്ങാനായത്. എന്നാൽ, ആതിഥേയർക്ക് ജയത്തിലേക്ക് ബാറ്റുവീശാൻ അത് ധാരാളമായിരുന്നു. ഈമാസം 11 മുതൽ കേപ്ടൗണിലാണ് നിർണായകമായ അവസാന ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.