ജൊഹാനസ്ബർഗ്: 'ലോർഡ്' ശർദുൽ ഠാകുറിന്റെ തകർപ്പൻ ബൗളിങ്ങിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്കയെ വൻ ലീഡിൽനിന്ന് തടഞ്ഞ ഇന്ത്യ രണ്ടാം ടെസ്റ്റിൽ ഒപ്പത്തിനൊപ്പം. 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ് പിഴുത ശർദുൽ ആതിഥേയരുടെ ഒന്നാമിന്നിങ്സ് 229ൽ അവസാനിപ്പിക്കുകയായിരുന്നു. ആദ്യ വട്ടം 202ന് പുറത്തായിരുന്ന സന്ദർശകർ 27 റൺസ് ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റിന് 85 റൺസെടുത്തിട്ടുണ്ട്.
രണ്ടാം ദിനം കളി നിർത്തുമ്പോൾ എട്ടു വിക്കറ്റ് കൈയിലിരിക്കെ 58 റൺസ് മുന്നിലാണ് ഇന്ത്യ. പതിവുശൈലി വിട്ട് ഏകദിന സ്റ്റൈലിൽ ബാറ്റേന്തുന്ന ചേതശ്വേർ പുജാര (42 പന്തിൽ 35), അജിൻക്യ രഹാനെ (11) എന്നിവരാണ് ക്രീസിൽ. ക്യാപ്റ്റൻ ലോകേഷ് രാഹുലും (8) മായങ്ക് അഗർവാളും (23) ആണ് പുറത്തായത്.
ഒന്നിന് 35 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ശർദുൽ കൊടുങ്കാറ്റിൽ തകർന്നടിയുകയായിരുന്നു. മുമ്പുകളിച്ച അഞ്ചു ടെസ്റ്റുകളിൽ 16 വിക്കറ്റുകൾ നേടിയിരുന്ന ശർദുലിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്.
ടെസ്റ്റ് ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് ശർദുൽ വീഴ്ത്തുന്നതും ആദ്യമായാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമാണിത്. 2015ൽ നാഗ്പൂരിൽ 66 റൺസിന് ഏഴു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിന്റെ പ്രകടനമാണ് ശർദുൽ മറികടന്നത്.
കീഗൻ പീറ്റേഴ്സൺ (62), തെംബ ബാവുമ (51) എന്നിവരാണ് ചെറുത്തുനിന്നത്. ക്യാപ്റ്റൻ ഡീൻ എൽഗർ (28), റാസി വാൻഡർ ഡ്യൂസൻ (1), കെയ്ൽ വെറെയ്നെ (21), മാർകോ യാൻസൻ (21), കാഗിസോ റബാദ (0), കേശവ് മഹാരാജ് (21), ലുൻഗി എൻഗിഡി (0), ഡുവാൻ ഒലിവർ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. മുഹമ്മദ് ഷമി രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വർധിച്ചതിനെ തുടർന്ന് രഞ്ജി ട്രോഫി നീട്ടി. ഈമാസം 13ന് തുടങ്ങേണ്ടിയിരുന്ന ടൂർണമെന്റ് തൽക്കാലം നീട്ടിവെക്കുന്നതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ബി.സി.സി.ഐ ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു. ആറു നഗരങ്ങളിലായാണ് രഞ്ജി ട്രോഫി നടക്കേണ്ടത്. കേരളത്തിന്റെ മത്സരങ്ങൾ ബംഗളൂരുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.