കേപ്ടൗൺ: കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ ബൗണ്ടറി കടത്തി സഞ്ജു സാംസണിന്‍റെ വെടിക്കെട്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തെയും നാലാമത്തെയും ട്വന്‍റി20യിൽ ക്രീസിൽ നിലയുറിപ്പിച്ച സഞ്ജു ഇതിനകം അർധ സെഞ്ച്വറി പിന്നിട്ടു. മറുഭാഗത്ത് തകർത്തടിക്കുന്ന തിലക് വർമയും അർധ സെഞ്ച്വറി കുറിച്ചു.
നിലവിൽ 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 199 റൺസെന്ന നിലയിലാണ്. 41 പന്തിൽ ഏഴു സിക്സും അഞ്ചു ഫോറുമടക്കം 84 റൺസുമായി സഞ്ജുവും 26 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറും ഉൾപ്പെടെ 75 തിലകും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. 18 പന്തിൽ 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
സിപംല എറിഞ്ഞ ആറാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറില്‍ സിക്‌സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. ജാന്‍സന്റെ ആദ്യ ഓവറില്‍ കരുതലോടെയാണ് സഞ്ജു ബാറ്റു വീശിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാൻസൻ എറിഞ്ഞ ആദ്യ ഓവറിൽ സഞ്ജു ബൗൾഡാകുകയായിരുന്നു. എന്നാൽ, ജെറാള്‍ഡ് കൂട്സിയെറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ ആക്രമണം മലയാളി താരം തുടങ്ങി. ഒരു ഫോറും സിക്‌സുമായിരുന്നു സമ്പാദ്യം.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്സിൽ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.