കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യക്ക് 135 റൺസിന്റെ വമ്പൻ ജയം. നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ഇന്ത്യ കുറിച്ച 284 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് ഇന്നിങ്സ് 148 റൺസിൽ അവസാനിച്ചു.
സ്കോർ -ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റിന് 283. ദക്ഷിണാഫ്രിക്ക -18.2 ഓവറിൽ 148 റൺസിന് ഓൾ ഔട്ട്. ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും ഓൾ റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. പ്രോട്ടീസിന്റെ മുൻനിര ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർക്ക് വേഗത്തിൽ മടക്കാനായി. 2.5 ഓവറിൽ പത്തു റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ റീസ ഹെൻഡ്രിക്സിനെ (പൂജ്യം) ബൗൾഡാക്കി അർഷ്ദീപ് സിങ് ആദ്യ പ്രഹരമേൽപ്പിച്ചു. രണ്ടാം ഓവറിൽ മറ്റൊരു ഓപ്പണർ റയാൻ റിക്കെൽട്ടണെ (ആറു പന്തിൽ ഒന്ന്) ഹാർദിക് പാണ്ഡ്യ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ നായകൻ എയ്ഡൻ മാർക്രമിനെയും (എട്ടു പന്തിൽ എട്ട്), ഹെൻറിച് ക്ലാസനെയും (പൂജ്യം) പുറത്താക്കി വീണ്ടും അർഷ്ദീപിന്റെ പ്രഹരം.
നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സും ഡേവിഡ് മില്ലറും ചേർന്നാണ് ടീമിനെ വലിയ തോൽവിയിൽനിന്ന് കരകയറ്റിയത്. ഇരുവരും 86 റൺസാണ് കൂട്ടിച്ചേർത്തത്. 12ാം ഓവറിലെ അവസാന പന്തിൽ മില്ലറെ (27 പന്തിൽ 36) പുറത്താക്കി വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ 29 പന്തിൽ 43 റൺസെടുത്ത സ്റ്റബ്സിനെ രവി ബിഷ്ണോയി എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. ആൻഡിൽ സിമെലൻ (അഞ്ചു പന്തിൽ രണ്ട്), ജെറാൾഡ് കൂട്സി (എട്ടു പന്തിൽ 12), കേശവ് മഹാരാജ് (എട്ടു പന്തിൽ ആറ്), ലൂത്തോ സിപംല (നാലു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 12 പന്തിൽ 29 റൺസുമായി മാർകോ ജാൻസൻ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി അർഷ്ദീപ് മൂന്നു വിക്കറ്റ് നേടി. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. 51 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. പരമ്പരയിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. 56 പന്തിൽ ഒമ്പത് സിക്സും ആറു ഫോറുമടക്കം 109 റൺസുമായി താരം പുറത്താകാതെ നിന്നു. മറുവശത്ത് 41 പന്തിലാണ് തിലക് നൂറിലെത്തിയത്. താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും. കഴിഞ്ഞ മത്സരത്തിൽ ട്വന്റി20 ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയ താരം 107 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ തുടർച്ചയായി ട്വന്റി20യിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി തിലക്. നേരത്തെ സഞ്ജുവും ഈ നേട്ടം കൈവരിച്ചിരുന്നു.
താരത്തിന്റെ അപരാജിത ഇന്നിങ്സ് 47 പന്തിൽ 10 സിക്സും ഒമ്പതു ഫോറുമടക്കം 120 റൺസ് അടങ്ങുന്നതായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും 210 റൺസാണ് ഇന്ത്യക്കായി അടിച്ചുകൂട്ടിയത്. 28 പന്തിലാണ് സഞ്ചു അർധ സെഞ്ച്വറിയിലെത്തിയത്. തിലക് ക്രീസിലെത്തിയതു മുതൽ പ്രോട്ടീസ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. 22 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കമാണ് താരം അമ്പത് പൂർത്തിയാക്കിയത്. 51 പന്തിൽ ടീം സ്കോർ നൂറിലെത്തിയെങ്കിൽ, ടീം 200ലെത്തിയത് അടുത്ത 34 പന്തുകളിലാണ്.
18 പന്തിൽ 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സിപംല എറിഞ്ഞ ആറാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.