ജൊഹാനസ്ബർഗിന് തീയിട്ട് ഇന്ത്യ! സഞ്ജു (109*), തിലക് (120*); 20 ഓവറിൽ ഒന്നിന് 283

കേപ്ടൗൺ: കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ സിക്സർ പറത്തി സഞ്ജു സാംസണിന്‍റെ സെഞ്ച്വറി തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തെയും നാലാമത്തെയും ട്വന്‍റി20യിലും താരം വെടിക്കെട്ട് സെഞ്ച്വറി കുറിച്ചു.

മറുഭാഗത്ത് തീപ്പൊരി സെഞ്ച്വറിയുമായി തിലക് വർമയും കളംനിറഞ്ഞതോടെ ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ കുറിച്ചത് കൂറ്റൻ സ്കോർ. 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് ഇന്ത്യ നേടിയത്. 51 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. പരമ്പരയിലെ താരത്തിന്‍റെ രണ്ടാം സെഞ്ച്വറിയാണിത്. 56 പന്തിൽ ഒമ്പത് സിക്സും ആറു ഫോറുമടക്കം 109 റൺസുമായി താരം പുറത്താകാതെ നിന്നു. മറുവശത്ത് 41 പന്തിലാണ് തിലക് നൂറിലെത്തിയത്. താരത്തിന്‍റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും. കഴിഞ്ഞ മത്സരത്തിൽ ട്വന്‍റി20 ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയ താരം 107 റൺസുമായി പുറത്താകാതെ നിന്നിരുന്നു. ഇതോടെ തുടർച്ചയായി ട്വന്‍റി20യിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി തിലക്. നേരത്തെ സഞ്ജുവും ഈ നേട്ടം കൈവരിച്ചിരുന്നു.

താരത്തിന്‍റെ അപരാജിത ഇന്നിങ്സ് 47 പന്തിൽ 10 സിക്സും ഒമ്പതു ഫോറുമടക്കം 120 റൺസ് അടങ്ങുന്നതാണ്. രണ്ടാം വിക്കറ്റിൽ ഇരുവരും 210 റൺസാണ് ഇന്ത്യക്കായി അടിച്ചുകൂട്ടിയത്. 28 പന്തിലാണ് സഞ്ചു അർധ സെഞ്ച്വറിയിലെത്തിയത്. തിലക് ക്രീസിലെത്തിയതു മുതൽ പ്രോട്ടീസ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. 22 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കമാണ് താരം അമ്പത് പൂർത്തിയാക്കിയത്. 51 പന്തിൽ ടീം സ്കോർ നൂറിലെത്തിയെങ്കിൽ, ടീം 200ലെത്തിയത് അടുത്ത 34 പന്തുകളിലാണ്.

18 പന്തിൽ 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സിപംല എറിഞ്ഞ ആറാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറില്‍ സിക്‌സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. ജാന്‍സന്റെ ആദ്യ ഓവറില്‍ കരുതലോടെയാണ് സഞ്ജു ബാറ്റു വീശിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാൻസൻ എറിഞ്ഞ ആദ്യ ഓവറിൽ സഞ്ജു ബൗൾഡാകുകയായിരുന്നു. എന്നാൽ, ജെറാള്‍ഡ് കൂട്സിയെറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ ആക്രമണം മലയാളി താരം തുടങ്ങി. ഒരു ഫോറും സിക്‌സുമായിരുന്നു സമ്പാദ്യം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്സിൽ അവസാന അങ്കവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്.

Tags:    
News Summary - India vs South Africa 4th T20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.