ബംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിന് രസംകൊല്ലിയായി മഴയെത്തിയപ്പോൾ പരമ്പര 2-2 സമനിലയിൽ കലാശിച്ചു. വൈകിയാരംഭിച്ചതിനാൽ 19 ഓവറാക്കി ചുരുക്കിയ കളി നാലാം ഓവറിലേക്ക് കടക്കവെ വീണ്ടും മഴയെത്തി. മത്സരം നിർത്തിവെക്കുമ്പോൾ ഇന്ത്യ 3.3 ഓവറിൽ രണ്ടു വിക്കറ്റിന് 28 റൺസെന്ന നിലയിൽ പതറുകയായിരുന്നു. വീണ്ടും ഒന്നര മണിക്കുർ കാത്തിരുന്നിട്ടും മഴ ശമിക്കാത്തതിനെത്തുടർന്നാണ് കളി ഉപേക്ഷിച്ചത്. ആദ്യ രണ്ട് കളിയിൽ ദക്ഷിണാഫ്രിക്കയും തുടർന്ന് ഇന്ത്യയുമാണ് ജയിച്ചത്. സമനിലയിലായതോടെ കിരീടം ഇരു ടീമും പങ്കിട്ടു.
തകർപ്പൻ തുടക്കം നൽകിയ ഓപണർ ഇഷാൻ കിഷൻ (ഏഴ് പന്തിൽ 15), സഹ ഓപണർ ഋതുരാജ് ഗെയ്ക് വാദ് (12 പന്തിൽ 10) എന്നിവരാണ് പുറത്തായത്. ലുൻഗി എൻഗിഡിക്കാണ് രണ്ടു വിക്കറ്റും. ശ്രേയസ് അയ്യരും (പൂജ്യം) ക്യാപ്റ്റൻ ഋഷഭ് പന്തും (ഒന്ന്) ആണ് ക്രീസിൽ. പരിക്കേറ്റ ടെംബ ബാവുമയുടെ അഭാവത്തിൽ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ടോസ് ഭാഗ്യം സന്ദർശകർക്കു തന്നെയായിരുന്നു. പതിവുപോലെ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രാത്രി ഏഴിനു തുടങ്ങേണ്ട കളി മഴമൂലം ആരംഭിച്ചത് മുക്കാൽ മണിക്കൂറിലധികം വൈകി. കേശവിനെ രണ്ടും മൂന്നും പന്തുകളിൽ സിക്സറടിച്ച കിഷന്റെ മികവിൽ ആദ്യ ഓവറിൽ ഇന്ത്യ നേടിയത് 16 റൺസ്. രണ്ടാം ഓവറിൽ പക്ഷേ കഥ മാറി. അവസാന പന്തിൽ കിഷനെ എൻഗിഡി ബൗൾഡാക്കുമ്പോൾ സ്കോർ ബോർഡിൽ 20. നാലാം ഓവറിലെ രണ്ടാം പന്തിൽ ഋതുരാജിനെ പ്രിട്ടോറിയസ് പിടിച്ചു, രണ്ടിന് 27. പിന്നാലെ മഴയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.