ബംഗളൂരു: ഉദ്യാന നഗരിയിൽ വാടിയ പൂക്കൾ കണക്കെ വിക്കറ്റ് കൊഴിഞ്ഞ ദിനത്തിൽ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുൻതൂക്കം. പി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടക്കുന്ന പിങ്ക് ബാൾ ടെസ്റ്റിന്റെ ആദ്യദിനം 16 വിക്കറ്റുകളാണ് കൊഴിഞ്ഞത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ലങ്കൻ സ്പിന്നർമാർക്കുമുന്നിൽ പതറിയെങ്കിലും പ്രത്യാക്രമണ ഇന്നിങ്സുമായി കളംനിറഞ്ഞ ശ്രേയസ് അയ്യരുടെ (92) കരുത്തിൽ 252 റൺസടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഇന്ത്യൻ പേസർമാർക്ക് മുന്നിൽ മുട്ടിടിച്ച് ആറിന് 86 എന്ന നിലയിലാണ് ആദ്യ ദിനം കളിയവസാനിപ്പിച്ചത്.
മൂന്നു വിക്കറ്റുമായി ജസ് പ്രീത് ബുംറയും രണ്ടു വിക്കറ്റോടെ മുഹമ്മദ് ഷമിയും ചേർന്ന പേസാക്രമണമാണ് ലങ്കയുടെ നടുവൊടിച്ചത്. ഒരു വിക്കറ്റ് ഇടംകൈയ്യൻ സ്പിന്നർ അക്സർ പട്ടേലിനാണ്. 43 റൺസടിച്ച വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിന്നത്. നായകൻ ദിമുത് കരുണരത്നെ (4), കുശാൽ മെൻഡിസ് (2), ലാഹിരു തിരിമന്നെ (8), ധനഞ്ജയ ഡിസിൽവ (10), ചരിത് അസലങ്ക (5) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. നിരോഷൻ ഡിക് വെല്ലയും (13) ലസിത് എംബുൽഡെനിയയും (0) ആണ് ക്രീസിൽ.
ഇന്ത്യൻ ബാറ്റർമാരിൽ ശ്രേയസ് മാത്രമാണ് ലങ്കൻ സ്പിന്നർമാർക്കെതിരെ നന്നായി കളിച്ചത്. 98 പന്തിൽ നാലു സിക്സും 10 ഫോറുമായി തകർത്തുകളിച്ച ശ്രേയസ് ഏറ്റവും അവസാനമാണ് പുറത്തായത്. ഋഷഭ് പന്ത് (26 പന്തിൽ 39) പതിവുശൈലിയിൽ ആക്രമിച്ചുകളിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഏറക്കാലത്തിനുശേഷമുള്ള ടെസ്റ്റ് സെഞ്ച്വറിക്കായുള്ള വിരാട് കോഹ്ലിയുടെ (23) മോഹം നല്ല തുടക്കത്തിനുശേഷം ഒരിക്കൽ കൂടി പൊലിഞ്ഞു.
നായകൻ രോഹിത് ശർമ (15), മായങ്ക് അഗർവാൾ (4), ഹനുമ വിഹാരി (31), രവീന്ദ്ര ജദേജ (4), രവിചന്ദ്രൻ അശ്വിൻ (13), അക്സർ പട്ടേൽ (9), മുഹമ്മദ് ഷമി (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ഇന്ത്യയുടെ ഒമ്പത് വിക്കറ്റും വീഴ്ത്തിയത് സ്പിന്നർമാരാണ്. എംബുൽഡെനിയയും പ്രവീൺ വിക്രമസിംഗെയും മൂന്നു വീതവും ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് പേസർ സുരങ്ക ലക്മലിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.