കൊളംബോ: അഞ്ചു വർഷമായി കാത്തിരിക്കുന്ന രാജ്യാന്തര കിരീടം ഇത്തവണയെങ്കിലും പിടിക്കാനുറച്ച് ടീം ഇന്ത്യ ഏഷ്യാകപ്പ് കലാശപ്പോരിൽ ശ്രീലങ്കക്കെതിരെ. സംശയങ്ങളരുതാത്ത പോരാട്ടമികവുമായാണ് വൻകരയിലെ പോരിൽ ഇന്ത്യൻ സംഘം കിരീടത്തിന് ഒരു ചുവട് അരികെയെത്തിയതെങ്കിൽ മഴകൂടി കനിഞ്ഞാണ് ആതിഥേയർ എതിരാളികളാകാൻ ടിക്കറ്റുറപ്പാക്കിയത്.
ഇന്ത്യൻ നിരയിൽ അനുപേക്ഷ്യ സാന്നിധ്യമായ അക്സർ പട്ടേൽ പരിക്കുമായി പുറത്തിരിക്കുന്നത് ആധിയാകുന്നെങ്കിൽ ലങ്കക്കാരുടെ സ്പിൻ കുന്തമുനയായ മഹീഷ് തീക്ഷ്ണയും സമാനകാരണത്തിന് ആദ്യ ഇലവന് പുറത്താണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഏറ്റവും മികച്ച കളിക്കാർ ഉണ്ടായിട്ടും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരു കിരീടവും ഇന്ത്യക്കു സ്വന്തമാക്കാനായിട്ടില്ല. ലോകകപ്പിന് ആഴ്ചകൾ ബാക്കിനിൽക്കെ ഞായറാഴ്ച കപ്പുയർത്താനായാൽ വിശ്വകിരീട മോഹങ്ങളിലേക്ക് വലിയ ചുവടാകും. 2018ൽ ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിന് കടന്ന് ദുബൈയിൽ ഏഷ്യാകപ്പ് മാറോടുചേർത്തതാണ് രോഹിത് സംഘം അവസാനമായി നേടിയ കിരീടം.
2019 ലോകകപ്പ്, 2022 ട്വന്റി20 ലോകകപ്പ് എന്നിവയിൽ സെമിയിലെത്തിയപ്പോൾ 2019ലും 2023ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലുകളും കളിച്ചതാണ് എടുത്തുപറയത്തക്ക നേട്ടം. കഴിഞ്ഞ വർഷം നടന്ന ഏഷ്യാകപ്പിൽ ടീം ഇന്ത്യ സാന്നിധ്യമായിരുന്നില്ല. ശ്രീലങ്കയായിരുന്നു ചാമ്പ്യന്മാർ.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ അപ്രധാന സൂപ്പർ ഫോർ അങ്കത്തിൽ വിശ്രമിച്ച അഞ്ചു പ്രമുഖർ കൂടിയാകുന്നത് കരുത്താകും. ശുഭ്മാൻ ഗിൽ സെഞ്ച്വറി കുറിച്ചിട്ടും മറ്റു പ്രമുഖരുടെ അഭാവത്തിൽ ഇന്ത്യ ആറു റൺസിന് തോൽവി രുചിച്ചിരുന്നു. ബംഗ്ല സ്പിന്നായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിനു മുന്നിൽ അന്തകരായത്.
എന്നാൽ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ അടക്കം പ്രമുഖർ എത്തുന്നതോടെ ഈ വീഴ്ച പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതേ മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 59 റൺസുമായി പതറിനിന്ന ബംഗ്ലാദേശ് പിൻനിരയുടെ കരുത്തിൽ 265 റൺസ് എടുത്തിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവർ അവധിയിലായതാണ് വിനയായത്. മൂവരും കലാശപ്പോരിൽ ആദ്യ ഇലവനിലുണ്ടാകും.
അക്സർ പരിക്കിൽ വലയുന്നത് പരിഗണിച്ച് പകരക്കാരനായി വാഷിങ്ടൺ സുന്ദറിനെ വിളിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിനൊരുങ്ങുന്ന നിരക്കൊപ്പം ബംഗളൂരുവിൽ പരിശീലനത്തിലിരിക്കെയായിരുന്നു സുന്ദറിന് വിളിയെത്തിയത്. ഞായറാഴ്ച വൻകരപ്പോര് അവസാനിച്ചാലും ലോകകപ്പിന് മുമ്പ് ആസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങൾകൂടി ബാക്കിയുണ്ടാകും.
ഏഷ്യാകപ്പിൽ അഞ്ചു വർഷത്തെ കിരീടവളർച്ചയാണെങ്കിൽ ഐ.സി.സി ട്രോഫികൾ നീണ്ട 10 വർഷമായി ഇന്ത്യയെ കനിഞ്ഞിട്ടില്ലെന്നതും കാത്തിരിപ്പിന് നീളം കൂട്ടുന്നു. എന്നാൽ, നിലവിലെ ചാമ്പ്യന്മാരായ ലങ്ക അവസാനം കളിച്ച 15 ഏകദിനങ്ങളും ജയിച്ചാണ് അവസാന അങ്കത്തിനിറങ്ങുന്നത്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇശാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ (അക്സർ പട്ടേലിന് പകരക്കാരൻ).
ശ്രീലങ്ക: ദസുൻ ഷനക (ക്യാപ്റ്റൻ), പത്തും നിസ്സനക, ദിമുത് കരുണരത്നെ, കുശാൽ ജാനിത് പെരേര, കുശാൽ മെൻഡിസ് (വൈസ് ക്യാപ്റ്റൻ), ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, സദീര സമരവിക്രമ, മഹീഷ് തീക്ഷ്ണ, ദുനിത് വെല്ലലഗെ, മതീഷ പതിരാണ, കസുൻ രജിത, ദുഷൻ ഹേമന്ത, ബിനുര ഫെർണാണ്ടോ, പ്രമോദ് മദുഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.