കറങ്ങി വീണ് ഇന്ത്യ; ജെഫ്രി വാൻഡർസേക്ക് ആറു വിക്കറ്റ്; ലങ്കൻ ജയം 32 റൺസിന്

കൊളംബോ: ഇന്ത്യയെ കറക്കി വീഴ്ത്തി ശ്രീലങ്ക. രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 32 റൺസിന്‍റെ ദയനീയ തോൽവി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് ഓൾ ഔട്ടായി.

ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ മുന്നിലെത്തി (1-0). ആദ്യ മത്സരം നാടകീയ സമനിലയിൽ പിരിഞ്ഞിരുന്നു. ജെഫ്രി വാൻഡർസേക്കറുടെ മാന്ത്രിക സ്പിന്നാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. 10 ഓവറിൽ 33 റൺസ് വഴങ്ങി ആറു വിക്കറ്റാണ് താരം നേടിയത്. പരിക്കേറ്റ വാനിന്ദു ഹസരംഗക്കു പകരമാണ് വാൻഡർസേ പ്ലെയിങ് ഇലവനിലെത്തിയത്. ചരിത് അസലങ്ക മൂന്നു വിക്കറ്റും വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ നായകൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 44 പന്തിൽ നാലു സിക്സും അഞ്ചുഫോറുമടക്കം 64 റൺസ് നേടിയാണ് താരം പുറത്തായത്.

ഒരുവേള അനായാസ ജയം നേടുമെന്ന തോന്നിച്ച മത്സരമാണ് ഇന്ത്യ കൈവിട്ടത്. ഒപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. രോഹിത് ലങ്കൻ ബൗളർമാരെ അടിച്ചുപറത്തുമ്പോൾ മറുഭാഗത്ത് ഗിൽ ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. 41 പന്തിലാണ് ഇരുവരും ഇന്ത്യൻ സ്കോർ 50ൽ എത്തിച്ചത്. പവർ പ്ലേയിൽ നേടിയത് 76 റൺസ്.

വാൻഡർസേ പന്തെറിയാനെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. രോഹിത്തിനെ നിസംഗയുടെ കൈകളിലെത്തിച്ചു. അധികം വൈകാതെ 44 പന്തിൽ 35 റൺസെടുത്ത ഗില്ലും പുറത്ത്. വാൻഡർസേയുടെ പന്തിൽ മെൻഡിസിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. പിന്നാലെ എത്തിയ വിരാട് കോഹ്ലിയെയും (19 പന്തിൽ 14) ശിവം ദുബെയെയും (പൂജ്യം) സ്പിന്നർ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. ഒരറ്റത്ത് അക്സർ പട്ടേൽ പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് വന്നവരെല്ലാം വേഗത്തിൽ മടങ്ങി. ശ്രേയസ്സ് അയ്യർ (ഒമ്പത് പന്തിൽ ഏഴ്), കെ.എൽ. രാഹുൽ (പൂജ്യം), വാഷിങ്ടൺ സുന്ദർ (40 പന്തിൽ 15), മുഹമ്മദ് സിറാജ് (18 പന്തിൽ നാല്), അർഷ്ദീപ് സിങ് (നാലു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായത്.

ഏഴു റണ്ണുമായി കുൽദീപ് യാദവ് പുറത്താകാതെ നിന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റ് നേടി. ഓപ്പണർ അവിഷ്ക ഫെർണാണ്ടോ, കമിന്ദു മെൻഡിസ് എന്നിവരാണ് ലങ്കയുടെ ടോപ് സ്കോറർ. 62 പന്തിൽ 40 റൺസെടുത്ത ഫെർണാണ്ടോയെ വാഷിങ്ടൗൺ സുന്ദറാണ് പുറത്താക്കിയത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പതും നിസംഗയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് ആതിഥേയരെ ഞെട്ടിച്ചു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഫെർണാണ്ടോയും കുശാൽ മെൻഡിസും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 50 കടന്നു. പിന്നാലെ 42 പന്തിൽ 30 റൺസെടുത്ത മെൻഡിസിനെ വാഷിങ്ടൺ സുന്ദർ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി.

സദീര സമരവിക്രമ (31 പന്തിൽ 14), നായകൻ ചരിത് അസലങ്ക (42 പന്തിൽ 25), ജനിത് ലിയാനഗെ (29 പന്തിൽ 12) എന്നിവർ മടങ്ങിയതോടെ ലങ്ക ആറ് വിക്കറ്റിന് 136 റൺസിലേക്ക് തകർന്നു. ഏഴാം വിക്കറ്റിൽ ദുനിത് വെല്ലാലഗെയും കമിന്ദു മെൻഡിസും ചേർന്ന് നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ടീം സ്കോർ 200 കടത്തിയത്. 35 പന്തിൽ 39 റൺസെടുത്ത വെല്ലാലഗെയെ കുൽദീപ് യാദവ് ശിവം ദുബെയും കൈകളിലെത്തിച്ചു. 44 പന്തിൽ 40 റൺസെടുത്ത മെൻഡിസ് റണ്ണൗട്ടായാണ് പുറത്തായത്. 13 പന്തിൽ 15 റൺസെടുത്ത അകില ധനഞ്ജയയുടെ വിക്കറ്റും നഷ്ടമായി.

ഒരു റണ്ണുമായി ജെഫ്രി വാൻഡർസേ പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരം കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.

Tags:    
News Summary - India vs Sri Lanka ODI: India Lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.